തെന്നിന്ത്യൻ ബോക്സ് ഓഫീസിൽ തരംഗമായിരുന്നു സൂര്യ നായകനായി അഭിനയിച്ച ഗജിനി. പിന്നീട് ഇതിന്റെ ഹിന്ദി പതിപ്പിൽ അമീർഖാൻ നായകനായി. എന്നാൽ ഗജിനിയിൽ അഭിനയിക്കേണ്ടിയിരുന്നില്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിൽ അഭിനയിച്ച നയൻതാര.
ഗജിനിയില്‍ അഭിനയിച്ചത് തന്റെ കരിയറിലെ അബദ്ധമായിരുന്നുവെന്നാണ് നയൻതാര പറയുന്നത്. ഒരു സ്വകാര്യ റേഡിയോയ്ക്ക് നല്കിയ അഭിമുഖത്തിലാണ് നയന്‍താര ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഗജിനിയിൽ അസിൻ ആയിരുന്നു സൂര്യയുടെ നായികയായി അഭിനയിച്ചത്. 2008ലാണ് ഗജിനി റിലീസ് ചെയ്തത്. എ.ആര്. മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്തത്.
ചിത്രത്തിൽ അസിനൊപ്പം പ്രാധാന്യം ഉള്ള വേഷമാണ് തനിക്കെന്ന് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നതായി നയൻതാര പറയുന്നു. എന്നാൽ സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ ലഭിച്ചത് മറ്റൊരു കഥാപാത്രമായിരുന്നു. താൻ വഞ്ചിക്കപ്പെട്ടതായി തോന്നിയെന്നും നയൻതാര പറയുന്നു. അതിനുശേഷമാണ് നയൻതാര ശ്രദ്ധയോടെ കഥാപാത്രങ്ങൾ തെരഞ്ഞെടുക്കാൻ തുടങ്ങിയത്.
എന്തായാലും പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മുരുഗദോസിന്റെ രജനീകാന്ത് ചിത്രത്തിൽ നയൻതാരയാണ് നായിക. ജനുവരി 14ന് ചിത്രം തിയറ്ററുകളിലെത്തും.