വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്ന് പഴമക്കാർ പറയാറുണ്ട്. ഈ പഴമൊഴി ഇപ്പോൾ അന്വർഥമായത് നമ്മുടെ നയൻതാരയുടെ കാര്യത്തിൽ. നയൻതാര അഭിനയിച്ച ഏതെങ്കിലും സിനിമയുടെ പ്രമോഷൻ പ്രോഗ്രാമിൽ അവർ പങ്കെടുത്തത് ആരും കണ്ടിട്ടില്ല.ആദ്യ കാലം മുതൽ ഒരു സിനിമയുടെ കരാർ ഒപ്പിടുന്നതിന് മുന്പു തന്നെ നയൻതാര ആദ്യം വയ്ക്കുന്ന നിബന്ധന തന്നെ പ്രമോഷന് വിളിക്കരുതെന്നും താൻ സെറ്റിൽ ഉള്ളപ്പോൾ പത്രക്കാർ അവിടേക്ക് വന്നുപോകരുത് എന്നുമാണ്. കാരണം പത്രക്കാരോട് നയൻസിനു പണ്ടേ ചതുർത്ഥിയാണ്.
ഏത് കൊല കൊന്പന്റെ പടമായാലും നയൻതാരയുടെ ഈ പോളിസിയിൽ മാറ്റമില്ല. അഥവാ പ്രമോഷന് വന്നേ പറ്റൂ എന്ന് പറഞ്ഞാൽ ആ പടം തനിക്ക് വേണ്ടാ എന്ന് പറയാനുള്ള തന്റേടം നയൻസ് കാട്ടിയിരുന്നു. ഇത് ഇന്നലെ വരെയുള്ള കഥ. ഇന്ന് സ്വന്തം കാര്യം വന്നപ്പോൾ നയൻതാര തന്റെ പോളിസിയിൽ അയവ് വരുത്തിയിരിക്കയാണത്രെ.തമിഴിൽ നയൻതാര അഭിനയിക്കുന്ന സിനിമയാണ് അറം.
നയൻതാര കളക്ടർ വേഷത്തിൽ എത്തുന്ന ചിത്രമാണിത്. മലയാളിയായ സുനുലക്ഷ്മി ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സാമൂഹ്യ പ്രസക്തിയുള്ള സ്ത്രീ പക്ഷ സിനിമയത്രേ അറം. ഈ ചിത്രത്തിന്റെ പ്രചാരണാർഥം നയൻതാര ചാനലിൽ കയറി ഇറങ്ങിയെന്നതാണ് ഇപ്പോൾ കോടന്പാക്കത്തെ പ്രധാന വാർത്ത. കാരണം മറ്റൊന്നുമല്ല, അറത്തിന്റെ യഥാർഥ നിർമാതാവ് തന്നെ നയൻതാര ആയതു കൊണ്ടത്രെ.!
തന്റെ മാനേജരെ ബെനാമിയാക്കിയാണത്രെ ചിത്രം നിർമിച്ചിരിക്കുന്നത്. ഒരു വൻകിട സ്വകാര്യ ചാനലാണ് വൻ തുക കൊടുത്ത് സംപ്രേഷണ അവകാശം സ്വന്തമാക്കിയത്. ആ ചാനൽ നയൻസിനെ വരച്ച വരയിൽ നിർത്തിയെന്നും പ്രമോഷന് വേണ്ടി തങ്ങളുടെ സ്റ്റുഡിയോയിലേക്ക് എത്തിക്കുകയായിരുന്നു എന്നും അസൂയാലുക്കൾ പറയുന്നു. അതല്ല പടം വിജയിക്കണമെങ്കിൽ പബ്ളിസിറ്റി വേണമെന്ന തിരിച്ചറിവാണ് പ്രേരണ എന്നും നയൻതാരയുമായി അടുപ്പമുള്ളവർ പറയുന്നു. ഏതായാലും ഇതോടെ തന്റെ നയത്തിൽ മാറ്റം വരുത്തിയിരിക്കുകയാണ് നയൻതാര.