തെന്നിന്ത്യൻ സിനിമയിലെ നന്പർ വണ് താരമായി മാറിയ നയൻതാരയുടെ പുതിയ ചിത്രമായ അരത്തിന് മികച്ച സ്വീകാര്യത. ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളി കൂടിയാണ് നയൻതാര. ആരും ഏറ്റെടുക്കാതിരുന്ന ചിത്രം ഏറ്റെടുത്ത് വിജയിപ്പിക്കാനായിരുന്നു താരത്തിന്റെ തീരുമാനം.
ഡോക്യുമെന്ററിക്ക് പറ്റിയ വിഷയമാണെന്ന് പറഞ്ഞ് നിരവധി പേർ ഒഴിവാക്കിയ ചിത്രമാണ് താരം ഏറ്റെടുത്തത്. സിനിമയുമായി ബന്ധപ്പെട്ട പ്രമോഷണൽ പരിപാടികളിലൊന്നും പങ്കെടുക്കാത്ത താരം ഈ ചിത്രത്തിന് വേണ്ടി ആ പതിവും തെറ്റിച്ചു. താരത്തിന്റെ നിലപാടിനെക്കുറിച്ച് കൃത്യമായി അറിയാവുന്നതിനാൽ സംവിധായകർ ഇത്തരം പരിപാടികൾക്ക് നയൻസിനെ വിളിക്കാറില്ല. അരത്തിന് വേണ്ടി സ്വന്തം നിലപാട് തന്നെ മാറ്റിയിരിക്കുകയാണ് നയൻസ്.
ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണത്തിന് താൻ അർഹയാണെന്ന് താരം ശരിക്കും തെളിയിക്കുകയായിരുന്നു പുതിയ ചിത്രത്തിലൂടെ. അരമിന്റെ പ്രമോഷണൽ പരിപാടിക്കിടയിൽ ചെന്നൈയിലെത്തിയപ്പോൾ എങ്കൾ തലൈവി നയൻതാര എന്ന് വിളിച്ചാണ് ആരാധകർ താരത്തെ വരവേറ്റത്. സാരിയണിഞ്ഞാണ് താരം പരിപാടിക്കെത്തിയത്. പുതിയ ചിത്രത്തിന് നിർമാതാവിനെ കിട്ടാത്ത വിഷമത്തിലിരിക്കുന്നതിനിടയിലാണ് നയൻതാരയെ കണ്ടുമുട്ടിയതെന്നു സംവിധായകൻ പറയുന്നു.
ഒരു സുഹൃത്ത് മുഖേനയാണ് താരവുമായി കൂടിക്കാഴ്ച നടത്തിയത്. അങ്ങനെയാണ് പലരും ഒഴിവാക്കിയ ചിത്രത്തിന് വീണ്ടും ജീവൻ വച്ചത്. കോട്ടപ്പാടി ജെ രാജേഷ് എന്ന നിർമ്മാതാവിനോട് കഥ പറയുന്നതിനിടയിൽ ഇടയ്ക്ക് അദ്ദേഹം കഥ പറയുന്നത് നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ വിശദാംശങ്ങൾ കേൾക്കുന്നതിനായി എത്തുന്നത് നയൻതാരയായിരിക്കുമെന്ന് കരുതിയിരുന്നില്ല. കഥ കേട്ട് അഞ്ച് മിനിട്ട് പിന്നിടുന്നതിനിടയിൽത്തന്നെ സിനിമ ഏറ്റെടുക്കാൻ അവർ തയാറാവുകയായിരുന്നു.
ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചപ്പോഴും താരജാഡകളൊന്നുമില്ലാതെയാണ് നയൻതാര ആളുകളുമായി ഇടപഴകിയിരുന്നത്. കാരവാനിൽ നിന്നു പുറത്തിറങ്ങിയാൽ ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടർ പ്രവർത്തിക്കുന്നത് എങ്ങനെയാണോ അതുപോലെയാണ് താരം പ്രവർത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കടുത്ത ജലക്ഷാമം നേരിടുന്ന ഗ്രാമവാസികൾക്ക് സഹായവുമായി എത്തുന്ന കളക്ടറായാണ് താരം ഈ ചിത്രത്തിൽ വേഷമിട്ടത്.