സ്വന്തം ലേഖിക
കൊച്ചി: താരപ്പൊലിമയില്ലാതെ തെന്നിന്ത്യൻ താരം നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനും പനമ്പിള്ളി നഗറിലെ മന്ന റസ്റ്ററന്റിലെത്തി നയൻതാരയുടെ അമ്മ ഓമന കുര്യനിൽ നിന്നു കേട്ടറിഞ്ഞ വിഭവങ്ങളുടെ രുചി ആസ്വദിച്ചു.
ഞായറാഴ്ച രാത്രി ഒമ്പതിനാണ് ഇരുവരും റസ്റ്ററന്റിലെത്തിയത്. നയൻതാരയുടെ അമ്മയും വിഘ്നേഷിന്റെ ബന്ധുക്കളുമടക്കം എട്ടു പേരാണ് ഉണ്ടായിരുന്നത്.
നാടൻ പൊറോട്ട, മടക്ക് ചപ്പാത്തി, നാടൻ ചിക്കൻ ഫ്രൈ, നാടൻ ബീഫ് ഡ്രൈ ഫ്രൈ, നെയ്മീൻ മുളകിട്ടത്, തലശേരി നെയ്പ്പത്തിരി, നാടൻ ചിക്കൻ കറി, തവ ഫ്രൈ, നെയ്മീൻ, പ്രോണ്‍സ് തവ ഫ്രൈ എന്നിവയാണ് താരദമ്പതികളും കുടുംബാംഗങ്ങളും കഴിച്ചത്.
റസ്റ്ററന്റിലെ സ്പെഷൽ വിഭവങ്ങളായ കല്ലുമ്മക്കായ നിറച്ചതും മൊഹബത്ത് ടീയും രുചിച്ചു. രാത്രി പത്തരയോടെയാണ് സംഘം അവിടെ നിന്നു മടങ്ങിയത്.
കഴിഞ്ഞ വ്യാഴാഴ്ച തമിഴ്നാട്ടിലെ മഹാബലിപുരത്തുവച്ചാണ് നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. നയൻതാരയുടെ മാതാപിതാക്കൾക്ക് വിവാഹത്തിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.
തുടർന്ന് ഞായറാഴ്ച ഉച്ചയോടെയാണ് മാതാപിതാക്കളെ സന്ദർശിക്കാൻ ഇരുവരും കൊച്ചിയിലെത്തിയത്.