ലേഡി സൂപ്പർസ്റ്റാർ നയൻതാരയെ പൊതുവേദിയിൽ അധിക്ഷേപിച്ച രാധ രവിക്ക് മറുപടിയുമായി സംവിധായകൻ വിഷ്നേഷ്. നയൻതാര നായികയാകുന്ന കൊലയുതിൽ കാലം എന്ന സിനിമയുടെ ട്രെയിലർ ലോഞ്ചിനിടെയാണ് സംഭവം.
മുഖ്യാതിഥികളിലൊരാളായി എത്തിയ രാധാരവി നയൻതാരക്കെതിരെ രൂക്ഷ പരാമർശമാണ് നടത്തിയത്. നയൻതാരയെ ലേഡി സൂപ്പർസ്റ്റാർ എന്നു വിളിക്കുന്നതിൽ വിമർശിച്ച രാധാരവി ഇതുപോലുള്ള പേരുകൾ ശിവാജി ഗണേശനെയും എംജിആറിനെയും പോലുള്ളവർക്കു മാത്രമേ ചേരുകയുള്ളുവെന്ന് പറഞ്ഞു. മാത്രമല്ല രജനികാന്ത്, ശിവാജി ഗണേശൻ തുടങ്ങിയവരുമായൊന്നും നയൻതാരയെ താരതമ്യപ്പെടുത്തരുതെന്നും പറഞ്ഞു.
നയൻതാരയുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾക്കും അപ്പുറം അവർ ഇവിടെ താരമാണ്. തമിഴ് ജനത കാര്യങ്ങൾ എളുപ്പത്തിൽ മറക്കുന്ന കൂട്ടത്തിലാണ്. തമിഴിൽ പ്രേതവും തെലുങ്കിൽ സീതയുമായി നയൻതാര അഭിനയിക്കുന്നു. എന്റെ കാലത്ത് കെ.ആർ. വിജയയെ പോലുള്ളവരാണ് സീതയുടെ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് ഇപ്പോൾ അത് ആർക്കും ചെയ്യാം രാധാരവി പറഞ്ഞു.
രാധാരവിക്കെതിരെ സംവിധായകനും നയൻതാരയുടെ സുഹൃത്തുമായ വിഘ്നേഷും ഡബ്ബിംഗ് ആർട്ടിസ്റ്റായ ചിന്മയിയും രംഗത്തെത്തി. വലിയ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും വരുന്ന ഒരു വൃത്തികെട്ടവനെതിരെ നടപടി സ്വീകരിക്കുവാൻ ആരും തയാറാകുന്നില്ല. ഇത് വല്ലാത്ത നിസഹായതയാണ്. ആളുകളുടെ ശ്രദ്ധലഭിക്കുവാൻ അയാൾ ഇനിയും ഇത് ചെയ്യും. ബുദ്ധിശൂന്യൻ. ഇതെല്ലാം കണ്ട് ആളുകൾ ചിരിക്കുന്നത് കാണുമ്പോൾ വേദനയുണ്ട്. വിഘ്നേഷ് പറഞ്ഞു.