“മുറൈതാനാ മുകുന്ദാ… സരിതാനാ സനന്ദാ…
കണ്ണാ നീ തൂങ്കടാ… എൻ കണ്ണാ നീ തൂങ്കടാ…’’
ലോകസിനിമയെ വിസ്മയിപ്പിച്ച ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2 പ്രേക്ഷകരെ നിർത്തിയത് ആകാംക്ഷയുടെ മുൾമുനയിലാണ്. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു? എന്ന ചോദ്യത്തിന് ഉത്തരം തേടി ജനം തിയറ്ററുകളിലെത്തി. എന്നാൽ, സിനിമകണ്ടിറങ്ങിയവരുടെ ചുണ്ടിൽ നിന്നത് ഈ ഗാനമാണ്. ദേവസേന ബാഹുബലിക്കായി പാടിയ പാട്ട് പ്രേക്ഷകർ ഏറ്റെടുത്തു. അപ്പോഴും ഈ തമിഴ്പാട്ടിന് ജീവൻ നൽകിയത് ഒരു മലയാളിയാണെന്ന് എത്രപേർക്കറിയാം? പിന്നണിയിൽനിന്ന് ഈ പാട്ടിന് ജീവൻ പകർന്നത് മലയാളികളുടെ പ്രിയ ഗായിക നയന നായരാണ്. ടിവി റിയാലിറ്റി ഷോകളിലൂടെ നയന കുടുംബസദസുകൾക്ക് പ്രിയങ്കരിയായിട്ട് അധികനാളായിട്ടില്ല. മലയാളസിനിമയിൽ ശോഭിച്ചുതുടങ്ങിയപ്പോഴാണ് തമിഴ് സിനിമാലോകത്തേക്ക് നയന ക്ഷണിക്കപ്പെടുന്നത്. മലയാളത്തിൽനിന്നു വളർന്ന് ഇന്ത്യൻ സിനിമയിലെ മികച്ച ശബ്ദസാന്നിധ്യമായി മാറിയ നയന ദീപികയോട് സംസാരിക്കുന്നു.
സംഗീതാഭിരുചി കുട്ടിക്കാലം മുതൽ
ഓർമവച്ച കാലം മുതൽ സംഗീതം പഠിക്കുന്നുണ്ട്. മൂന്നു മൂന്നര വയസുള്ളപ്പോഴാണ് ഞാൻ ആദ്യമായി സ്റ്റേജിൽ പാടുന്നത്. ഞങ്ങളുടെ റസിഡന്റ്സിന്റെ വാർഷികത്തിന്. “ഓടക്കുഴൽ വിളി ഒഴുകിയൊഴുകി വരും’ എന്ന ലളിതഗാനമാണ് അന്ന് പാടിയത്. അതാണ് എന്റെ ജീവിതത്തിലെ ആദ്യത്തെ സ്റ്റേജ് എക്സ്പീരിയൻസ്. അതു കേട്ട് ആരൊക്കെയോ അച്ഛ നോടും അമ്മയോടും പറഞ്ഞു, എന്നെ പാട്ടു പഠിപ്പിക്കണമെന്ന്.
മാതാ പിതാ ഗുരു ദൈവം
ഈ പറഞ്ഞ നാലുപേരുമാണ് എന്നെ ഞാനാക്കിയത്. ചെറുപ്പംമുതൽ അച്ഛനും അമ്മയും എന്നെ പാട്ടുപഠിപ്പിച്ചു. ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടില്ലെങ്കിലും രണ്ടുപേരും നന്നായി പാടും. അതുപോലെതന്നെയാണ് എന്റെ സ്കൂളും. തിരുവനന്തപുരം കാർമൽ സ്കൂളിലാണ് ഞാൻ പ്ലേ സ്കൂൾ മുതൽ പഠിച്ചത്. അവിടത്തെ പ്രിൻസിപ്പലും അധ്യാപകരും തന്നിട്ടുള്ള പിന്തുണ വളരെ വലുതാണ്. എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസ് ഇത്രമാത്രം പ്രോത്സാഹിപ്പിക്കുന്ന മറ്റൊരു സ്കൂളുണ്ടാവില്ല. എൽകെജിയിൽ പഠിക്കുന്പോൾ മുതൽ ഞാൻ കാർമലിന്റെ സ്റ്റേജിൽ കയറാൻ തുടങ്ങിയതാണ്. അത് പ്ലസ് ടു വരെയും തുടർന്നു. കലോത്സവങ്ങളൊക്കെ അടുത്താൽപ്പിന്നെ ശരിക്കും ഉത്സവമായിരുന്നു ഞങ്ങൾക്ക്. യുകെജിയിൽ പഠിക്കുന്പോഴാണ് എനിക്ക് ജീവിതത്തിലെ ആദ്യത്തെ അവാർഡ് കിട്ടുന്നത്. ’ദി ബെസ്റ്റ് ഫീമെയിൽ സിംഗർ’ എപ്പോഴും നെഞ്ചോടു ചേർന്നു നിൽക്കുന്ന ഓർമകളാണവ എന്നു പറഞ്ഞ് നയന തുടർന്നു.
യുകെജിയിലെ അവാർഡിനു ശേഷമാണ് ഞാൻ പട്ടുപഠിക്കാൻ തുടങ്ങുന്നത്. സിന്ധു രാധാകൃഷ്ണനായിരുന്നു എന്റെ ആദ്യ ഗുരു. അതിനുശേഷം പി.പി. രാമകൃഷ്ണൻസാറിനു കീഴിൽ സംഗീതം പഠിച്ചു. ഇപ്പോൾ ശോഭന കൃഷ്ണമൂർത്തിയുടെ ശിഷ്യയാണ്.
വഴിത്തിരിവായി റിയാലിറ്റി ഷോകൾ
സ്കൂൾ പഠനകാലഘട്ടത്തിൽത്തന്നെയാണ് ഞാൻ “ഗന്ധർവസംഗീതം’ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നത്. അതിന്റെ ജൂണിയർ വിഭാഗത്തിലും സീനിയർ വിഭാഗത്തിലും ഞാൻ മത്സരിക്കുകയും സീനിയറിൽ ഫൈനലിസ്റ്റാകുകയും ചെയ്തു. അതുകഴിഞ്ഞ് “സ്റ്റാർ ഓഫ് സ്റ്റാർസി’ൽ മത്സരിച്ചു. പിന്നെ 2009ലാണ് ’ഐഡിയ സ്റ്റാർ സിംഗറി’ൽ മത്സരിച്ചത് നയന പറയുന്നു. 45 പേർ മത്സരിച്ചതിൽനിന്ന് ഫൈനൽ ആറുവരെ എത്തിയപ്പോഴേക്കും നയന സംഗീതപ്രേമികൾക്ക് പ്രിയങ്കരിയായി മാറിയിരുന്നു. തുടക്കക്കാരിയായ എനിക്കു കിട്ടിയ അനുഗ്രഹമാണ് സ്റ്റാർ സിംഗർ പ്ലാറ്റ്ഫോമും ശരത് സാർ, എം.ജി സാർ, ചിത്രച്ചേച്ചി എന്നീ ജഡ്ജസും. ഒന്നര വർഷംകൊണ്ട് സംഗീതത്തെക്കുറിച്ച് ഒരുപാട് പാഠങ്ങൾ പഠിക്കാൻ കഴിഞ്ഞു. മാത്രമല്ല പല ഭാഷകളിൽനിന്നായി നിരവധി പാട്ടുകൾ കേൾക്കാനുള്ള അവസരവും ലഭിച്ചു.
ഗാനാലാപനം നയന നായർ
റിയാലിറ്റിഷോയൊക്കെ ചെയ്തുകഴിഞ്ഞപ്പോഴാണ് ശരത് സാർ സംഗീതസംവിധാനം ചെയ്യുന്ന കന്യാകുമാരി എക്സ്പ്രസിൽ പാട്ടുപാടാൻ എന്നെ വിളിക്കുന്നത്. അതായിരുന്നു എന്റെ ആദ്യത്തെ സോളോ. തുടക്കം ശരത് സാറിനൊപ്പമായിരുന്നെങ്കിലും ഞാൻ ഏറ്റവുമധികം പിന്നണി പാടിയിട്ടുള്ളത് എം.ജി. ശ്രീകുമാർ സാറിന്റെ ഗാനങ്ങൾക്കാണ്. ഇവർക്കൊപ്പമുള്ള ഓരോ വർക്കും സംഗീതത്തെ കൂടുതൽ അറിയാനുള്ള അവസരങ്ങളായിരുന്നു എനിക്ക്.
ആമയും മുയലും, ഈ അടുത്തകാലത്ത് തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ നയനയുടെ ശബ്ദം വീണ്ടും മലയാളി മനസുകളിൽ സ്ഥാനമുറപ്പിച്ചു. പക്ഷേ, അപ്പോഴേക്കും വിവാഹം കഴിഞ്ഞ് നയന ഭർത്താവിനൊപ്പം ഹൈദരാബാദിലേക്ക് പറന്നു.
ജാസി ഗിഫ്റ്റിന്റെ “ഗിഫ്റ്റ്’
വിവാഹം കഴിഞ്ഞ് ഹൈദരാബാദിൽ പോയശേഷം ഒരു ദിവസം ഞാനും ജാസിച്ചേട്ടനും ഫോണിൽ സംസാരിച്ചു. അപ്പോഴാണ് കീർവാണിസാർ ഹൈദരാബാദിലുണ്ടെന്ന് ചേട്ടൻ പറയുന്നത്. അങ്ങനെ ഞാനൊരു ഡെമോ സിഡി ചെയ്ത് സാറിന്റെ കോഓർഡിനേറ്ററെ ഏൽപ്പിച്ചു. 2015 അവസാനമാണ് ഞാൻ സിഡി കൊടുക്കുന്നത്. പെട്ടെന്നൊന്നും ഒരനക്കവുമില്ലായിരുന്നു. അങ്ങനെയിരിക്കെ 2016 ഫെബ്രുവരി ആയപ്പോൾ സാറിന്റെ ടീമിൽ ചേർന്നോളൂ എന്നു പറഞ്ഞ് എനിക്കൊരു കോൾ വന്നു. ആ വർഷം ഏപ്രിലിലാണ് ഞാനീ പാട്ടു പാടിയത്. പക്ഷേ, വരികളിൽ ചെറിയ മാറ്റമൊക്കെ വരുത്തി വീണ്ടും പാടി. മദൻരാജു സാറിന്റേതായിരുന്നു വരികൾ. ആദ്യം പല്ലവി റിക്കാർഡ് ചെയ്ത് രാജമൗലിസാറിനെ കേൾപ്പിച്ചു. കേട്ടപ്പോൾ അദ്ദേഹത്തിനിഷ്ടമായി. എന്റെ പാട്ടിന് ഓക്കെ പറയുകയായിരുന്നു.
ടീം ബാഹുബലി
ടീം എന്നതിലുപരി കുടുംബം എന്നു പറയുകയാണ് എനിക്കിഷ്ടം. നമ്മുടെ മാതാപിതാക്കളോടോ സഹോദരങ്ങളോടോ ഇടപഴകുന്നതുപോലെയാണ് അവരും. താരജാഡകൾ എ്ന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും ഞാൻ അത് അവിടെ കണ്ടില്ല. റീ റിക്കാർഡിംഗിനുവേണ്ടി ഞങ്ങളെല്ലാവരും ഒരുമിച്ചുണ്ടായിരുന്നു. ആ സമയത്താണ് അനുഷ്ക, റാണാ ദഗുബതി, പ്രഭാസ് എന്നിവരുമായൊക്കെ കൂടുതൽ പരിചയപ്പെടുന്നത്.
നമ്മൾ “അയ്യോ അനുഷ്ക’ എന്നൊക്കെപ്പറഞ്ഞ് മാറിനിന്നാലും അവർ ഇങ്ങോട്ടുവന്ന് സംസാരിക്കുമായിരുന്നു. അതിനുശേഷം ഒരിക്കൽപ്പോലും അവരാരും എന്നെ മാറ്റിനിർത്തിയിട്ടില്ല. സിനിമയുടെ ഭാഗമായതിലൂടെ വളരെ സ്പെഷലായ ചില സൗഹൃദങ്ങൾ കൂടിയാണ് എനിക്കു കിട്ടിയത്.
നയനയുടെ അർജുൻ
നമ്മുടെ പാഷനും സ്വപ്നവും മനസിലാക്കി, അത് തന്റേതുകൂടിയാണെന്നു കാണുന്ന ഭർത്താവിനെയാണ് ഏതൊരു പെണ്ണും ആഗ്രഹിക്കുക. അക്കാര്യത്തിൽ ഞാൻ വളരെ ലക്കിയാണ്. ഞാൻ അല്പം ഉഴപ്പിയാലും അർജുൻ അത് സമ്മതിക്കില്ല. തമാശയായിട്ടാണെങ്കിലും ഞാൻ ഇടയ്ക്ക് പറയാറുണ്ട് “പണ്ട് സംഗീതം പഠിപ്പിക്കാൻ അച്ഛൻ കൊണ്ടുനടന്നു. ഇപ്പോൾ അർജുൻ അത് ഏറ്റെടുത്തിരിക്കുകയാണെന്ന്.’ നയനയുടെ വാക്കുകളിൽ അഭിമാനവും കണ്ണുകളിൽ തിളക്കവും തെളിയുന്നു.
കുടുംബവും സുഹൃത്തുക്കളും
അച്ഛൻ സോമശേഖരൻ നായരും അമ്മ പ്രഭാ നായരും അനുജത്തി നന്ദനയുമായിരുന്നു നയനയുടെ ശക്തി. ഇപ്പോൾ പൂർണ പിന്തുണയുമായി ഭർത്താവ് അർജുനും അദ്ദേഹത്തിന്റെ കുടുംബവുമുണ്ട്. ഇവർക്കൊപ്പംതന്നെയാണ് സുഹൃത്തുക്കളുടെ സാന്നിധ്യവും.
എ.എ.