ഗോൾഡ് കോസ്റ്റ്: കോമൺവെൽത്ത് ഗെയിംസ് വനിതാ ലോംഗ് ജംപിൽ മലയാളികളുടെ പ്രതീക്ഷയായ നയന ജയിംസും നീന പിന്റോയും ഫൈനലിൽ ഇടംപിടിച്ചു. യോഗ്യതാ റൗണ്ടിൽ ഒന്പതും 12ഉം സ്ഥാനങ്ങളിൽ എത്തിയാണ് ഇരുവരും ഇന്നു നടക്കുന്ന ഫൈനലിലേക്ക് യോഗ്യത സ്വന്തമാക്കിയത്. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.25നാണ് ഫൈനൽ.
ഗ്രൂപ്പ് ബിയിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് നയന ഫൈനൽ ബുക്ക് ചെയ്തത്. രണ്ടാം ശ്രമത്തിൽ 6.34 മീറ്റർ ദൂരം താണ്ടിയായിരുന്നു നയന ഫൈനലിൽ കടന്നത്. ഗ്രൂപ്പ് എയിൽ 6.24 മീറ്റർ താണ്ടി ആറാം സ്ഥാനത്തോടെ നീനയും മെഡൽ പോരാട്ടത്തിനു യോഗ്യത നേടി.
6.60 മീറ്റർ ദൂരം കണ്ടെത്തിയവരോ മികച്ച 12 പ്രകടനം കാഴ്ചവച്ചവരോ ആണ് ഫൈനലിനു യോഗ്യത നേടിയത്. 6.60 മീറ്റർ താണ്ടാൻ നാലുപേർക്കു മാത്രമേ സാധിച്ചുള്ളൂ. സീസണിൽ 6.51 ആണ് നയനയുടെ മികച്ച ദൂരം. നീനയുടേത് 6.42ഉം. ലോകചാന്പ്യൻഷിപ്പിലെ വെള്ളി മെഡൽ ജേതാവയ ഇംഗ്ലണ്ടിന്റെ സാറ പ്രോക്ടർ ആണ് യോഗ്യതാ റൗണ്ടിലെ ഏറ്റവും മികച്ച ദൂരം കണ്ടെത്തിയത്, 6.89 മീറ്റർ.
വനിതാ ഡിസ്കസ് ത്രോ ഫൈനലിൽ മെഡൽ പ്രതീക്ഷയോടെ ഇന്ത്യയുടെ സീമ പൂനിയ ഇന്നിറങ്ങും. നവ്ജീത് ഡിലനും ഇന്ത്യക്കായി ഇറങ്ങുന്നുണ്ട്. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 4.10നാണ് ഫൈനൽ.
ഹിമ ദാസ് ആറാമത്
പുരുഷ ഹൈജംപിലും വനിതാ 400 മീറ്ററിലുമായിരുന്നു ഇന്ത്യ ഇന്നലെ അത്ലറ്റിക്സിൽ പ്രതീക്ഷയർപ്പിച്ചത്. ഹൈജംപ് ഫൈനലിൽ കടന്ന ഇന്ത്യയുടെ തേജശ്വിൻ ശങ്കർ 2.24 മീറ്റർ ഉയരംകണ്ടെത്തി ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. വനിതാ 400 മീറ്ററിൽ പേഴ്സണൽ ബെസ്റ്റ് സമയം കണ്ടെത്തിയ ഹിമ ദാസിന് ആറാം സ്ഥാനത്ത് എത്താനേ സാധിച്ചുള്ളൂ.
51.32 സെക്കൻഡിലാണ് ഹിമ 400 മീറ്റർ ഓടിയെത്തിയത്.