ജൂൺ എന്ന സിനിമയിൽ കുഞ്ഞി എന്ന കഥാപാത്രമായെത്തി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് നയന എൽസ. കുഞ്ഞി എന്ന കഥാപാത്രത്തിലൂടെ തന്നെ അടുത്ത വീട്ടിലെ കുട്ടി എന്ന ഇമേജ് നയന സ്വന്തമാക്കിയിരുന്നു.
നയനയുടെ നിഷ്കളങ്കവും ഓമനത്തവുമുള്ള മുഖാണ് ആ ഇമേജിന് കാരണം. അടുത്തിടെ സോഷ്യൽ മീഡിയയിൽ ബോൾഡ് ഫോട്ടോഷൂട്ടുകളുമായി നയന എത്തിയിരുന്നു.വലിയ വിമർശനങ്ങളും സൈബർ ബുള്ളിയിങ്ങും ഇതിന്റെ പേരിൽ നടിക്കു നേരിടേണ്ടി വന്നു.
എന്നാൽ തനിക്ക് വ്യത്യസ്തമായ കഥാപാത്രങ്ങൾ ലഭിക്കാനാണ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ എടുക്കാൻ തീരുമാനിച്ചത് എന്നാണ് നയന പറയുന്നത്.
കഴിഞ്ഞ ദിവസം നൽകിയ അഭിമുഖങ്ങളിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളുടെ പേരിൽ താൻ നേരിട്ട സൈബർ ആക്രമണങ്ങളെക്കുറിച്ചൊക്കെ നയന മനസുതുറന്നിരുന്നു. ഇപ്പോഴിതാ,
ക്യൂട്ട് കുട്ടി ഇമേജ് ബ്രേക്ക് ചെയ്യാൻ താൻ കഷ്ടപ്പെടുകയാണ് എന്ന് പറയുകയാണ് നയന. നേരത്തത്തെ ക്യൂട്ട് കുട്ടി ഇമേജ് എനിക്ക് വലിയ ബുദ്ധിമുട്ടായി മാറുകയാണ്.
എനിക്ക് ചബ്ബി (തടിച്ച) ലുക്കാണെന്ന് പറഞ്ഞ് അവസരങ്ങൾ വരെ നഷ്ടമായി. സിനിമകളിലേക്ക് വരുമ്പോൾ ഇതു വലിയ പ്രശ്നമാണ്. എനിക്ക് നല്ലൊരു സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയതാണ്.
പക്ഷെ അതിൽനിന്ന് എന്നെ ഒഴിവാക്കി. ആ സിനിമ നല്ല രീതിയിൽ ഹിറ്റാവുകയും ചെയ്തു. ഒരു ദിവസം ചീഫ് അസോസിയേറ്റ് എന്നോട് പറഞ്ഞു നയന ഭയങ്കര ചബ്ബിയാണ് അതുകൊണ്ട് നയനയ്ക്ക് സീരിയസ് കഥാപാത്രങ്ങൾ ചെയ്യാൻ പറ്റില്ലെന്ന്.
എന്നെ ഒന്ന് ചെയ്യിപ്പിച്ച് പോലും നോക്കാതെയാണ് അവർ ഒഴിവാക്കിയത്.ചെയ്യിപ്പിച്ച് നോക്കിയാൽ അല്ലേ അറിയൂ. ആ കഥാപാത്രം ചെയ്ത വ്യക്തിയും ചബ്ബിയാണ്. പക്ഷെ പുള്ളിക്കാരി നന്നായി അഭിനയിച്ചു.
ആ സിനിമ ഞാൻ തിയറ്ററിൽ പോയി കണ്ടപ്പോൾ എനിക്ക് ഭയങ്കരമായിട്ട് വിഷമമായി, കാരണം എന്നെകൊണ്ട് അത് ചെയ്യാൻ പറ്റുമായിരുന്നു. ഈ ചബ്ബി ആൻഡ് ബബ്ലി ഇമേജ് ബ്രേക്ക് ചെയ്യാൻ ഞാൻ ഇപ്പോൾ കഷ്ടപ്പെടുന്നുണ്ട്- നയന വ്യക്തമാക്കി