തിരുവനന്തപുരം: യുവ സംവിധായക നയന സൂര്യയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് തങ്ങളെ തെറ്റിദ്ധരിപ്പിച്ചതായി നയനയുടെ സഹോദരൻ മധു.
നയനയുടെ കഴുത്തിൽ കണ്ട പാടുകൾ നയനയുടെ നഖം കൊണ്ടതാണെന്നായിരുന്നു അന്ന് പൊലീസ് അറിയിച്ചത്. മരണത്തിൽ ദുരൂഹതയില്ലെന്നും നയനയ്ക്ക് മാരകമായ രോഗാവസ്ഥയാണെന്നും പോലീസ് അന്ന് പറഞ്ഞതായി മധു മാധ്യമങ്ങളോടു പറഞ്ഞു.
ശരീരത്തിൽ ഉണ്ടായിരുന്നത് ചെറിയ മുറിവുകളാണെന്നാണ് പോലീസ് പറഞ്ഞത്. സ്വന്തം ശരീരത്തിൽ മുറിവേല്പിക്കുന്ന സ്വഭാവം നയനയ്ക്കുണ്ടായിരുന്നുവെന്ന മ്യൂസിയം പോലീസിന്റെ കണ്ടെത്തലുകൾ തെറ്റാണെന്നും സ്വന്തം ശരീരത്തിൽ മുറിവേല്പിക്കുന്ന സ്വഭാവം നയനയ്ക്കുണ്ടായിരുന്നില്ലെന്നും അന്ന് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നും മധു ആവശ്യപ്പെട്ടു.
അതേസമയം ക്രൈംബ്രാഞ്ച് അന്വേഷണത്തെ നയനയുടെ സഹോദരൻ സ്വാഗതം ചെയ്തു. മൂന്നു വർഷം മുൻപാണ് നയനയെ തിരുവനന്തപുരത്തെ വാടകവീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തെളിയിക്കപ്പെട്ടാത്ത കേസായി മ്യൂസിയം പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. കഴുത്തിനേറ്റ പരിക്കാണ് മരണ കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് സംഭവത്തിൽ ദുരൂഹത കൂടിയത്.
പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ഗുരുതരവീഴ്ച സംഭവിച്ചുവെന്ന് ഡിസിആർബി അസി.കമ്മീഷണറുടെ പരിശോധനയിലും കണ്ടെത്തിയിരുന്നു.