തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യയുടെ ദുരൂഹമരണം സംബന്ധിച്ച് ഇന്നും കൂടുതൽ പേരിൽനിന്നു ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുക്കും.
നയനയുടെ മൃതദേഹം ആദ്യം കാണുകയും സംഭവ സ്ഥലത്തെത്തുകയും ചെയ്തവരുടെ മൊഴികളാണ് ക്രൈംബ്രാഞ്ച് സംഘം ശേഖരിക്കുന്നത്. നയനയുടെ സഹോദരന്റെയും ബന്ധുക്കളുടെയും മൊഴികൾ നേരത്തെ എടുത്തിരുന്നു.
നയന താമസിച്ചിരുന്ന ആൽത്തറ ജംഗ്ഷനിലെ വീട്ടിലെ വാതിൽ തള്ളിത്തുറന്ന സമയത്തുണ്ടായിരുന്നവരിൽനിന്നു കൂടുതൽ വ്യക്തത വരുത്താനാണ് കൂടുതൽ പേരിൽനിന്നു മൊഴിയെടുക്കുന്നത്.
സംഭവ ദിവസം വീട് അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നുവെന്നാണ് മ്യൂസിയം പോലീസ് നേരത്തെ കണ്ടെ ത്തിയിരുന്നത്.
വാതിൽ അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നോ അതോ അടച്ചിരുന്ന അവസ്ഥയിലാണോയെന്ന് അറിയാനാണ് സംഭവ ദിവസം ആദ്യം എത്തിയവരിൽനിന്നു ക്രൈംബ്രാഞ്ച് മൊഴിയെടുക്കുന്നത്.
ക്രൈംബ്രാഞ്ച് എസ്പി. മധുസൂദനന്റെ മേൽനോട്ടത്തിൽ ഡിവൈഎസ്പി. ജലീൽ തോട്ടത്തിലാണ് കേസ് അന്വേഷിക്കുന്നത്. അതേ സമയം മൊഴിയെടുക്കൽ നടപടികളാണ് ഇപ്പോൾ നടക്കുന്നതെന്നും ക്രൈംബ്രാഞ്ച് ഒരു നിഗമനത്തിലും എത്തിയിട്ടില്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
വിശദമായ അന്വേഷണത്തിലൂടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ മാത്രമെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ സാധിക്കുകയുള്ളുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.