തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യയുടെ മരണം കൊലപാതകമെന്ന് സംശയിക്കുന്നതായി എഡിജിപി എം.ആർ. അജിത്കുമാർ.
കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. നയനയുടെ മരണം സംബന്ധിച്ച കേസ് ഫയലുകൾ പരിശോധിച്ച ഡിസിആർബി അസിസ്റ്റന്റ് കമ്മീഷണർ ജെ.കെ.ദിനിലിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
നയനയുടെ മരണം ആത്മഹത്യയാണെന്നും ശരീരത്തിൽ കണ്ടെത്തിയ മുറിവുകൾ സ്വയം ഉണ്ടാക്കിയതാണെന്നുമായിരുന്നു ആദ്യം കേസ് അന്വേഷിച്ച മ്യൂസിയം പോലീസിന്റെ കണ്ടെത്തൽ.
ഫോറൻസിക് റിപ്പോർട്ട് ഉദ്ധരിച്ചാണ് മ്യൂസിയം പോലീസിന്റെ കണ്ടെത്തൽ. എന്നാൽ ഇതിന് സാധുകരിക്കുന്ന തെളിവുകൾ ഒന്നും പോലീസിന് കണ്ടെത്താനായിട്ടില്ലെന്നും മ്യൂസിയം പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നുമാണ് ഡിസിആർബി അസിസ്റ്റന്റ് കമ്മീഷണറുടെ കണ്ടെത്തൽ.
നയനയുടെ മൃതദേഹം കണ്ടെത്തിയ വീട്ടിലെ മുൻവശത്തെ വാതിൽ അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നുവെങ്കിലും ബാൽക്കണിയിലെ വാതിലിലൂടെ ഒരാൾക്ക് കടന്ന് വരാനും രക്ഷപ്പെടാനും സാധ്യതയുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഇക്കാര്യങ്ങൾ ഒന്നും പോലീസ് അന്വേഷിച്ചിട്ടില്ലെന്നും അതിനാൽ കൂടുതൽ ശാസ്ത്രീയ പരിശോധന ആവശ്യമാണെന്നും തുടർ അന്വേഷണം നടത്തണമെന്നും കാട്ടിയാണ് സിറ്റി പോലീസ് കമ്മീഷണർ സി.നാഗരാജുവിന് റിപ്പോർട്ട് സമർപ്പിച്ചത്.
2019 ഫെബ്രുവരി 23 ന് രാത്രിയിലാണ് നയനയെ ആൽത്തറ ജംഗ്ഷനിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കളും സുഹൃത്തുക്കളും വാതിൽ തകർത്താണ് അകത്ത് പ്രവേശിച്ചത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നയനയുടെ കഴുത്തിലും ആന്തരിക അവയവങ്ങളിലും ക്ഷതം കണ്ടെത്തിയിരുന്നു.
ഇതെല്ലാം നയന സ്വയം ഉണ്ടാക്കിയതാണെന്നും ഇത്തരം സ്വഭാവം കാട്ടുന്ന ശീലം നയനക്കുണ്ടായിരുന്നുവെന്നുമാണ് ആദ്യം കേസ് അന്വേഷിച്ച മ്യൂസിയം പോലീസിന്റെ കണ്ടെത്തൽ.
എന്നാൽ ഈ വാദം സ്ഥിരീകരിക്കാൻ തെളിവുകളില്ലെന്നാണ് കേസ് ഫയൽ പരിശോധിച്ച എസിപിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.