തന്റെ പേരു കേട്ട് മാത്രം കാണികളെ തിയറ്ററുകളിലേക്ക് ആകർഷിക്കാൻ കഴിയുന്ന ചുരുക്കം ചില നടിമാരിൽ ഒരാളാണ് നയൻതാര. തെന്നിന്ത്യയിൽ ഇത്രയധികം ആരാധകരുള്ള നടിമാർ തന്നെ ഒരുപക്ഷെ കുറവായിരിക്കും.
ഒറ്റരാത്രികൊണ്ടല്ല ലേഡി സൂപ്പർസ്റ്റാർ എന്ന ടാഗ് നയൻസ് സ്വന്തമാക്കിയത്. കരിയറിലെ ഒരുപാട് പോരാട്ടങ്ങൾക്ക് ശേഷമാണ് നയൻതാര ഇന്നത്തെ താരറാണിയായത്. ഒരുപക്ഷെ സിനിമയിൽ ഏറെ ഗോസിപ്പുകൾ കേൾക്കേണ്ടി വന്ന താരങ്ങളിൽ ഒരാൾ കൂടിയായിരിക്കും നയൻതാര.
സാധാരണ അഭിമുഖങ്ങൾക്കു വിസമ്മതിക്കാറുള്ള നയൻതാര തന്റെ മുൻകാല പ്രണയങ്ങളെക്കുറിച്ച് അടുത്തിടെ ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മനസ് തുറന്നിരിക്കുകയാണ്.
“വിശ്വാസമില്ലാത്ത സ്ഥലത്ത് സ്നേഹം നിലനിൽക്കില്ല. വിശ്വസിക്കാൻ കഴിയാത്ത ഒരാൾക്കൊപ്പം ജീവിക്കുന്നതിനെക്കാൾ നല്ലത് ഒറ്റയ്ക്ക് ജീവിക്കുന്നതാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഞാൻ എന്റെ മുൻകാല ബന്ധങ്ങൾ അവസാനിപ്പിച്ചു’-നയൻസ് പറയുന്നു.
വേർപിരിയൽ അത്ര എളുപ്പമായിരുന്നില്ലെന്നും തന്റെ കരിയറും സിനിമയിലെ സുഹൃത്തുക്കളുമാണ് ആ സങ്കടങ്ങളിൽ നിന്നൊക്കെ കരകയറാൻ തന്നെ സഹായിച്ചതെന്നും നടി പറഞ്ഞു.
തമിഴിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ കാലത്ത് താരം ചിന്പുവുമായി പ്രണയത്തിലാണെന്നു ഗോസിപ്പുകളുണ്ടായിരുന്നു. “വല്ലവൻ’ എന്ന സിനിമയുടെ സമയത്താണ് ഇരുവരും പ്രണയത്തിലായത് എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ആ ബന്ധം അധികം നീണ്ടു നിന്നില്ല.
പിന്നീട് താരം നടനും നൃത്തസംയോജകനുമായ പ്രഭുദേവയുമായി അടുപ്പത്തിലായതായും വാർത്തകൾ വന്നിരുന്നു. വിവാഹിതരാകാൻ വരെ തയാറെടുത്തുവെങ്കിലും ആ ബന്ധവും പാതിവഴിയിൽ മുറിഞ്ഞുപോയി.
അതിനു ശേഷമാണ് നയൻതാര വിഘ്നേഷ് ശിവനുമായി അടുപ്പത്തിലാകുന്നത്. നാനും റൗഡി നാൻ താൻ എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു അത്. ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങൾ വിഘ്നേഷ് ആരാധകർക്കായി പങ്കുവെക്കാറുണ്ട്.
ഇടയ്ക്കിടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ടെങ്കിലും പ്രണയത്തെ കുറിച്ചോ വിവാഹത്തെ കുറിച്ചോ ഒന്നും ഇരുവരും ഒൗദ്യോഗികമായി ആദ്യമൊന്നും സംസാരിച്ചിരുന്നില്ല.
സീ അവാർഡ് സ്വീകരിക്കാനെത്തിയ നയൻതാര തന്റെ സോഷ്യൽ മീഡിയയിലെ ഫൊട്ടോകളെക്കുറിച്ചും വിഘ്നേഷുമായുളള പ്രണയത്തെക്കുറിച്ചും ആദ്യമായി തുറന്നു പറയുകയുണ്ടായി.
താൻ ഇപ്പോൾ വളരെ സന്തോഷത്തിലാണെന്നും അതു തന്റെ മുഖത്തു നിങ്ങൾക്കിപ്പോൾ കാണാനാവുന്നുണ്ടെന്നു കരുതുന്നതായും നയൻതാര പറഞ്ഞു.
“ജീവിതത്തിൽ ഒരാൾക്ക് വേണ്ടത് മനഃസമാധാനമാണ്. അത് എനിക്കിപ്പോഴുണ്ട്. കുടുംബത്തിൽ സമാധാനമുണ്ട്. മനസിനു സമാധാനമുണ്ട്. ആ സമാധാനം നിങ്ങൾക്കു തരുന്നത് അച്ഛനോ അമ്മയോ ആകാം, ഭാര്യയാകാം, ഭർത്താവാകാം, ചിലപ്പോൾ നിങ്ങൾ വിവാഹം കഴിക്കാൻ പോകുന്നയാളാകാം.
എന്റെ സ്വപ്നങ്ങൾ അയാളുടെ സ്വപ്നങ്ങളായി കണ്ട്, അതിനുവേണ്ട പിന്തുണ നൽകി കൂടെ നിൽക്കുന്നത് വളരെ സന്തോഷമായ കാര്യമാണ്. അതാണ് എന്റെ സന്തോഷവും’- വിഘ്നേഷിന്റെ പേരെടുത്തു പറയാതെ നയൻതാരപറഞ്ഞു.