നാദാപുരം: പുറമേരി ടൗണ്‍ പരിസരത്തെ നായനാര്‍ സ്മാരക ലോക്കല്‍ കമ്മിറ്റി ഓഫീസിനോട് ചേര്‍ന്ന കെട്ടിടത്തിന് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ പോലീസ് സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി. സിപിഎം പുറമേരി ലോക്കല്‍ സെക്രട്ടറി കെ.ടി.കെ.ബാലകൃഷണന്റെ എല്‍ഐസി ഓഫീസായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് നേരെയാണ് വ്യാഴാഴ്ച രാത്രി 11.20ന്ബോംബെറിഞ്ഞത്.
റോഡില്‍ നിന്നെറിഞ്ഞ ബോംബ് ഓഫീസിന്റെ ചുമരില്‍ പതിച്ച് പൊട്ടുകയായിരുന്നു.സ്റ്റീല്‍ ബോംബാണ് അക്രമത്തിന് ഉപയോഗിച്ചത്.സ്ഫോടനത്തിന്റെ ആഘാതത്തില്‍ ചുമരില്‍ ദ്വാരം രൂപപ്പെട്ട നിലയിലാണ് ഓഫീസിന്റെ ജനല്‍ ചില്ലുകളും തകര്‍ന്നു.
റോഡില്‍ നിന്നും കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തുനിന്നും സ്റ്റീല്‍ ബോംബിന്റെ അവശിഷ്ടങ്ങള്‍ ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. സ്ഫോടന ശബ്ദം കേട്ട് പരിസരവാസികൾ ഓടിയെത്തിയപ്പോൾ ആക്രമികളെന്ന് കരുതുന്നവർ ബൈക്കിൽ പനയുള്ള കണ്ടി റോഡ് ഭാഗത്തേക്ക് പോകുന്നത് കണ്ടതായി പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട് .
ടൗൺ പള്ളിയിലെ സിസിടിവി കാമറ പോലീസ് പരിശോധിച്ചു. ബോംബാക്രമണം നടക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പ് ഓഫീസിനു സമീപം എത്തിയ രണ്ട് വാഹനങ്ങളുടെ ദൃശ്യം സിസി ടിവിയിൽ പതിഞ്ഞിട്ടുണ്ട് . ഈ വാഹനങ്ങൾ കണ്ടെത്തുന്നതിനായി പുറമേരി ടൗണിലെ മറ്റു സിസി ടിവികളും പരിശോധനയ്ക്ക് വിധേയമാക്കാനാണ് പോലീസ് തീരുമാനം .
ഉഗ്രശേഷിയുള്ള ബോംബാണ് അക്രമത്തിന് ഉപയോഗിച്ചതെന്ന് ബോംബ് സ്ക്വാഡ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ലോക്കല്‍ കമ്മിറ്റി ഓഫീസ് പൂട്ടിയതിനുശേഷം ബാലകൃഷണന് ഏറെ സമയം സമീപത്തെ സ്വന്തം ഓഫീസില്‍ ഉണ്ടാവാറുണ്ടെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു. ഇത് അറിഞ്ഞ അക്രമിസംഘം ലോക്കല്‍ സെക്രട്ടറിയെ അപായപ്പെടുത്താനുള്ള നീക്കമാണ് നടത്തിയതെന്നും കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ പറഞ്ഞു.