തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാറാണ് നയന്‍താര. താരത്തിന്റെ സിനിമാ വിശേഷങ്ങളേക്കാള്‍ അപ്പുറത്തുള്ള ഒരു വാര്‍ത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
വ്യവസായ മേഖലയിലേക്ക് കൂടി കാലെടുത്തുവച്ചിരിക്കുകയാണ് നടി. വിശദാംശങ്ങള്‍ ഇങ്ങനെ….
ചായ് വാലയില്‍ നയൻതാര വന്‍ നിക്ഷേപം നടത്തി എന്നാണ് പുതിയ വിവരം. ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിവറേജ് ബ്രാന്‍ഡ് ആണ് ചായ് വാല.
റസ്റ്ററന്റ് ശൃംഖലകളില്‍ പുതിയ ചരിത്രം കുറിക്കാനുള്ള ഒരുക്കത്തിലാണ് ഈ കമ്പനി. നിലവില്‍ 20 സ്റ്റോറുകളാണ് കമ്പനിക്കുള്ളത്. ഇത് 35 ആക്കി ഉയര്‍ത്താനാണ് പദ്ധതി. ചായ് വാലയുടെ സ്ഥാപകന്‍ വിദുര്‍ മഹേശ്വരിയാണ്.
പുതിയ നിക്ഷേപത്തെ കുറിച്ചും റസ്റ്ററന്റുകള്‍ വ്യാപിപ്പിക്കാനുള്ള തീരുമാനങ്ങള്‍ സംബന്ധിച്ചുമെല്ലാം വിദുര്‍ മഹേശ്വരിയാണ് വിശദീകരിച്ചത്.
നയന്‍താര മാത്രമല്ല ഇപ്പോള്‍ നിക്ഷേപം ഇറക്കിയിരിക്കുന്നത്. നയന്‍താരയും സുഹൃത്ത് വിഘ്നേഷ് ശിവനും പുറമേ മറ്റു ചില വ്യവസായ ഗ്രൂപ്പുകളും വ്യക്തികളും ചായ് വാലയില്‍ നിക്ഷേപം ഇറക്കിയിട്ടുണ്ട്.
അടുത്ത വര്‍ഷത്തോടെ ചായ് വാലയുടെ സ്റ്റോറുകള്‍ 35 ആക്കി ഉയര്‍ത്താനാണ് തീരുമാനം. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന നിക്ഷേപം അതിന് വേണ്ടി ചെലവഴിക്കും.
കൊവിഡ് ആശങ്ക കുറഞ്ഞാല്‍ അതിവേഗം വ്യാപിക്കാനുള്ള ഒരുക്കങ്ങളാണ് ചായ് വാല നടത്തുന്നത്. എന്നാല്‍ നയന്‍താരയും മറ്റുള്ളവരും എത്ര രൂപ വീതമാണ് നിക്ഷേപിച്ചത് എന്ന കണക്ക് വിദുര്‍ മഹേശ്വരി പുറത്തുവിട്ടില്ല.
തമിഴ്നാട്ടിലെ പ്രധാന നഗരങ്ങളിലേക്കെല്ലാം സ്റ്റോറുകള്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ചായ് വാല. മാളുകള്‍, മെട്രോ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലെല്ലാം ചായ് വാല വൈകാതെ കാണാന്‍ സാധിക്കും.
പുതിയ തരം ഭക്ഷണ രീതികളും ചേരുവകളും ചായ് വാല പരീക്ഷിക്കുകയാണ്. ഇത് സംബന്ധിച്ച വിവരങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നു.
വിവിധ മേഖലകളിലേക്ക് ചായ് വാല കൈവയ്ക്കാന്‍ ഒരുങ്ങുകയാണ്. അതിന് മുന്നോടിയായിട്ടാണ് പുതിയ നിക്ഷേപം സ്വീകരിച്ചത്.
നയന്‍താര ഉള്‍പ്പെടെയുള്ളവരുടെ നിക്ഷേപം കമ്പനിയുടെ വിപുലീകരണത്തിനും പ്രചാരണത്തിനും നേട്ടമാകും.
സിനിമാ നിര്‍മാണ രംഗത്ത് പുതിയ കമ്പനി തുടങ്ങിയതിന് പിന്നാലെയാണ് നയന്‍താര ചായ് വാലയിലും നിക്ഷേപം ഇറക്കിയിരിക്കുന്നത്.