മനസിനക്കരെ എന്ന ജയറാം മലയാളചിത്രത്തിലൂടെ സിനിമയില്‍ ഹരിശ്രീ കുറിച്ച നടിയാണ് നയന്‍താര.
പിന്നീട് തമിഴിലാണ് നടി സജീവമായത്. ശരത് കുമാര്‍ നായകനായ അയ്യ എന്ന ചിത്രത്തിലൂടെയായിരുന്നു നയന്‍താരയുടെ തമിഴ് അരങ്ങേറ്റം.
തുടര്‍ന്ന് രജനീകാന്തിന്റെ നായികയായെത്തിയ ചന്ദ്രമുഖി വന്‍വിജയമായതോടെ തമിഴ് സിനിമയിലെ മുന്‍നിര നായികയായി നടി മാറി. തമിഴിലെ മിക്ക സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും നയന്‍താര പിന്നീട് അഭിനയിച്ചിരുന്നു.
എന്നാല്‍ തമിഴില്‍ ചിമ്പുവിന്റെ നായികയായിട്ടായിരുന്നു നയന്‍താര ആദ്യം വരേണ്ടിയിരുന്നതെന്നു കോളിവുഡിലെ പ്രശസ്ത നിര്‍മാതാവായ കലൈപുലി എസ്. താണു ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു.
ചിമ്പുവിന്റെ തൊട്ടി ജയ എന്ന ചിത്രത്തിന് വേണ്ടി നയന്‍താര ആലോചനയില്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ ഗോപികയാണ് പിന്നീട് നായികയായതെന്നും അദ്ദേഹം പറഞ്ഞു.
തൊട്ടി ജയ എന്ന ചിത്രത്തിലേക്കുളള നടീനടന്മാരെ തീരുമാനിക്കുന്ന സമയത്താണ് നയന്‍താരയുടെ ചിത്രം ഒരു മാഗസിനില്‍ കണ്ടതെന്ന് നിര്‍മാതാവ് പറയുന്നു.
അപ്പോള്‍ തന്നെ നയന്‍താരയെ നായികയാക്കാന്‍ ആലോചിച്ചെങ്കിലും സംവിധായകനും കാമറാമാനും ഗോപികയെക്കുറിച്ച് പറയുകയായിരുന്നു.
ഫോര്‍ ദി പിപ്പീള്‍ എന്ന ചിത്രത്തിലൂടെ ഗോപികയും തിളങ്ങിനില്‍ക്കുന്ന സമയമായിരുന്നു അന്ന്.
നയന്‍താരയെ തമിഴില്‍ ലോഞ്ച് ചെയ്യാന്‍ സാധിക്കാഞ്ഞതിനാല്‍ നിരാശയുണ്ടെന്നും നിര്‍മാതാവ് തുറന്നുപറഞ്ഞിരുന്നു. അതേസമയം ചിമ്പുവിന്റെ നായികയായി പിന്നീട് തമിഴില്‍ നയന്‍താര എത്തിയിരുന്നു.
വല്ലവന് ആയിരുന്നു ഈ കൂട്ടുകെട്ടില്‍ ആദ്യം പുറത്തിറങ്ങിയ ചിത്രം. പിന്നീട് ഇതു നമ്മ ആള് എന്ന ചിത്രവും തമിഴില്‍ ഇവരുടെതായി പുറത്തിറങ്ങി. -പിജി