തെന്നിന്ത്യയിലെ ലേഡി സൂപ്പർതാരം നയൻതാരയുടെ മുക്കുത്തി അമ്മൻ എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് നയൻസിന്റെ ആരാധകർ. നയൻതാര മുക്കുത്തി അമ്മൻ ദേവിയായി അഭിനയിക്കുന്ന സിനിമ നേരത്തെ തന്നെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
ദേവിയുടെ വേഷം അഭിനയിക്കുന്നതിനാൽ മത്സ്യമാംസാദികൾ നയൻസ് ചിത്രീകരണം തീരുംവരെ ഉപേക്ഷിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ചിത്രീകരണം ആരംഭിച്ചെങ്കിലും കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ താത്ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
സിനിമയുടെ ഫസ്റ്റ് ലുക്ക്, സെക്കൻഡ് ലുക്ക് പോസ്റ്ററുകൾ നേരത്തെ തന്നെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. എന്നാൽ സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ആർ.ജെ.ബാലാജിയും എൻ.ജെ.ശരവണനും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദേവി വേഷത്തിലെത്തുന്ന നയൻസിന്റെ ചിത്രങ്ങൾ ഇപ്പോൾ തന്നെ തരംഗമായിക്കഴിഞ്ഞു. സംവിധായകൻ ആർ.ജെ.ബാലാജിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ലൊക്കേഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടതും സംവിധായകൻ തന്നെയാണ്. മൗലി, ഉർവശി, സ്മൃതി വെങ്കട്ട്, അജയ് ഘോഷ് എന്നിവരും ചിത്രത്തിൽ മുഖ്യവേഷങ്ങളിലെത്തുന്നു. ഇഷാരി.കെ. ഗണേഷ് ആണ് ചിത്രം നിർമിക്കുന്നത്. സംഗീതം- ഗിരീഷ്.ജി. ഛായാഗ്രഹണം-ദിനേഷ് കൃഷ്ണൻ.