തമിഴകത്തിന്റെ താരറാണിയെങ്കിലും നയൻതാര മലയാളികൾക്കെന്നും പ്രിയ നായികയാണ്. മനസിനക്കരെയിലെ ഗൗരി, ബോഡിഗാർഡിലെ അമ്മു, ഭാസ്കർ ദി റാസ്കലിലെ ഹിമ, പുതിയ നിയമത്തിലെ വാസുകി അയ്യർ എന്നീ ശക്തമായ സ്ത്രീകഥാപാത്രങ്ങളായി മലയാളത്തിന്റെ വെള്ളിത്തിരയിൽ നയൻസിനെ നമ്മൾ കണ്ടതാണ്.
ഇപ്പോൾ ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് നയൻതാര വീണ്ടുമെത്തുകയാണ്. നിവിൻ പോളിയുടെ നായികയായി ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ലൗവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലൂടെ…
മലയാളത്തിൽ നയൻതാരയ്ക്കായി രണ്ടു ചിത്രങ്ങളാണ് ഇപ്പോൾ കാത്തിരിക്കുന്നത്. ധ്യാൻ സംവിധാനം ചെയ്യുന്ന ലൗവ് ആക്ഷൻ ഡ്രാമയിൽ ഒക്ടോബറോടെ നയൻ എത്തും. ഒരു കംപ്ലീറ്റ് എന്റർടെയ്ൻമെന്റായി ഒരുക്കുന്ന ഈ ചിത്രത്തിനു പിന്നാലെ നയൻതാരയെ മുൻനിർത്തി സ്ത്രീ കേന്ദ്രീകൃതമായ കഥ പറയാനൊരുങ്ങുകയാണ് തിരക്കഥാകൃത്ത് ഉണ്ണി ആറും സംവിധായകൻ മഹേഷ് വെട്ടിയാറും. കോട്ടയം കുർബാന എന്നു പേരിട്ടിരിക്കുന്ന ചിത്രം കോട്ടയത്തിന്റെ പശ്ചാത്തലത്തിൽ കരുത്തുറ്റൊരു സ്ത്രീ കഥാപാത്രത്തേയാണ് അവതരിപ്പിക്കുന്നത്.
സൗത്ത് ഇന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ എന്ന പട്ടമാണ് സിനിമാ ലോകം നയൻസിനു നൽകിയിരിക്കുന്നത്. ഒരു കാലത്തു ഗ്ലാമറിസത്തിൽ മാത്രം കറങ്ങിത്തിരിഞ്ഞ നയൻതാര എന്ന നടിക്ക് ഇന്നു തമിഴിലേയും തെലുങ്കിലേയും മികച്ച സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കാനായി സംവിധായകർ പ്രഥമ പരിഗണനയാണു നൽകുന്നത്.
മായ, ഡോറ, അരം തുടങ്ങിയ സമീപകാല വിജയങ്ങളൊക്കെ നയൻതാര എന്ന അഭിനേത്രിയുടെ മികവുകൊണ്ടു ശ്രദ്ധേയമായ ചിത്രങ്ങളാണ്. പാട്ടും ഡാൻസും മേനി പ്രദർശനവുമായി നായകന്റെ നിഴലായി നിന്നിടത്തു നിന്നും ഇന്നു കരുത്തും കാന്പുമുള്ള കഥാപാത്രങ്ങളെ പകന്നാടുകയാണ് ഈ നായിക. പ്രതിഫലത്തിന്റെ കാര്യത്തിൽ പോലും നായകന്മാർക്കൊപ്പമുള്ള സ്ഥാനമാണ് ഈ നായിക നേടിയെടുത്തിരിക്കുന്നത്.
കുടുംബ ചിത്രമായാലും പ്രണയമായാലും ആക്ഷൻ ത്രില്ലറായാലും ഹൊറർ കഥയായാലും നയൻതാരയിലേക്കെത്തുന്പോൾ അതു സുരക്ഷിതമാകുന്ന കാഴ്ചയാണ് ഇപ്പോൾ. സൂപ്പർതാരങ്ങൾക്കൊപ്പവും സ്ത്രീപക്ഷ സിനിമ ആയാലും നയൻസിന്റെ സാന്നിധ്യം ചിത്രത്തിനു വിജയ ഘടകമായി മാറുന്നു.
ഇനി ഒരുപിടി ത്രില്ലർ കഥകളുമായാണു നയൻസ് എത്തുന്നത്. സി.ബി.ഐ ഓഫീസർ അഞ്ജലി വിക്രമാദിത്യനായി എത്തുന്ന ഇമൈക്ക നൊടികൾ, കോകിലയായി എത്തുന്ന കൊലമാവ് കോകില എന്നീ ചിത്രങ്ങളിൽ പക്കാ ത്രില്ലർ സ്വഭാവത്തിലാണ് നയൻസ് പ്രാധാന കഥാപാത്രമായി എത്തുന്നത്. ശിവ ഒരുക്കുന്ന അജിത്ത് ചിത്രം വിശ്വാസവും ഹെവി ആക്ഷൻ മൂഡിലുള്ള ചിത്രമാണ്.
മിസ്ട്രി ത്രില്ലറായി ഒരുങ്ങുന്ന കൊലയുതിർ കാലമാണ് നയൻസിന്റെ മേൽവിലാസത്തിലെത്തുന്ന മറ്റൊരു ചിത്രം. ഇതിനു പുറമെ സർജുൻ കെ.എം സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രവും തെലുങ്ക് ബ്രഹ്മാണ്ഡ ചിത്രം സെയ് റാ നരസിംഹ റെഡ്ഡിയും നയൻസ് അഭിനയിക്കുന്ന മറ്റു പ്രോജക്ടുകളാണ്. തെലുങ്കു ചിത്രം സെയ് റാമിൽ അമിതാഭ് ബച്ചൻ, ചിരഞ്ജിവി, വിജയ് സേതുപതി തുടങ്ങിയ വലിയ താരനിരക്കൊപ്പമാണ് നയൻതാര നായികയാകുന്നത്.
ഒരു സിനിമാക്കഥപോലെ തന്നെയാണ് നയൻസിന്റെ സിനിമാ ജീവിതവും. വിവാദങ്ങളും വാർത്തകളും എന്നു അവർക്കൊപ്പമുണ്ടായിരുന്നു. എന്നാൽ പരീക്ഷണങ്ങളെയെല്ലാം അതിജീവിച്ച് മുന്നേറി ഇന്നു നായികാ കേന്ദ്രീകൃതമായ ചിത്രത്തിനു തമിഴിൽ വലിയ വിജയം നേടാനാകുമെന്നു കാട്ടിത്തരുകയാണ് നയൻതാര.
അതുകൊണ്ടുതന്നെ തമിഴകത്തിന്റെ തലൈവി പട്ടമാണ് ആരാധകർ നയൻതാരയ്ക്കു നൽകിയിരിക്കുന്നത്. കുറച്ചു നാളുകൾക്കു മുന്പ് അരം എന്ന ചിത്രത്തിന്റെ പ്രചാരണാർത്ഥം ചെന്നൈയിലെത്തിയ നയൻതാരയ്ക്ക് “എങ്കൾ തലൈവി നയൻതാര’ എന്ന ജനക്കൂട്ടത്തിന്റെ ആർപ്പുവിളികളോടെയായിരുന്നു സ്വീകരണം.