സൂപ്പർസ്റ്റാർ രജനീകാന്തിന്റെതായി അണിയറയിൽ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ദർബാർ. എ.എർ. മുരുകദോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് നേരത്തെ ആരംഭിച്ചിരുന്നു. ലേഡീ സൂപ്പർസ്റ്റാർ നയൻതാരയാണ് സിനിമയിൽ നായികാ വേഷത്തിൽ എത്തുന്നത്. ചിത്രത്തിന്റെ സെറ്റിൽ നയൻതാര ജോയിൻ ചെയ്ത വിവരം സിനിമയുടെ നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നത്.
തലൈവരുടെ നായികയായി നയൻതാര എത്തുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ദർബാർ. മുൻപ് ചന്ദ്രമുഖി, കുസേലൻ എന്നീ സിനിമകളിലായിരുന്നു ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നത്. രജനി പോലീസ് ഓഫീസറായും സാമൂഹ്യ പ്രവർത്തകനായും എത്തുന്ന ചിത്രത്തിൽ ഏറെ പ്രാധാന്യമുളള ഒരു കഥാപാത്രത്തെയാണ് നയൻതാര അവതരിപ്പിക്കുന്നത്.
സന്തോഷ് ശിവൻ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയ്ക്ക് അനിരുദ്ധ് രവിചന്ദറാണ് സംഗീതമൊരുക്കുന്നത്. മുംബൈ പശ്ചാത്തലത്തിലാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. അടുത്ത വർഷം പൊങ്കലിനു സിനിമ തിയറ്ററുകളിലേക്ക് എത്തുമെന്നാണ് വിവരം.