തെന്നിന്ത്യൻ സിനിമയുടെ സ്വന്തം താരമാണ് നയൻതാര. മലയാളത്തിലൂടെയാണ് തുടക്കം കുറിച്ചതെങ്കിലും തമിഴും തെലുങ്കുമെല്ലാം താരത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.
അതേസമയം ഗോസിപ്പ് കോളങ്ങളിലെല്ലാം നിറഞ്ഞുനിൽക്കുന്ന താരം കൂടിയാണ് നയൻതാര. സിനിമയുടെ പ്രമോഷണൽ പരിപാടികളിൽ പങ്കെടുക്കാത്തതുമായി ബന്ധപ്പെട്ടും താരത്തിനെതിരേ വിമർശനങ്ങൾ ഉയർന്നിരുന്നു.
ഇക്കാര്യത്തിൽ താരം നിലപാട് മാറ്റിയെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. സിനിമ സ്വീകരിക്കുന്നതിന് മുൻപ് തന്നെ സ്വന്തം നിലപാട് കൃത്യമായി വ്യക്തമാക്കാറുണ്ട് നയൻതാര. ഷൂട്ടിംഗ് കഴിഞ്ഞതോടെ തന്റെ ജോലി തീർന്നുവെന്ന നിലപാടാണ് താരത്തിന്.
പ്രമോഷണൽ പരിപാടികളിലൊന്നും താരം പങ്കെടുക്കാറില്ല. ഇതേക്കുറിച്ച് സിനിമാലോകത്തുള്ളവർക്ക് അറിയാവുന്നതാണ്. ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ പ്രമോഷനിൽപ്പോലും താരം പങ്കെടുത്തിരുന്നില്ല.
അഭിനയത്തിന് പുറമെ നിർമാണവും കൂടി ഏറ്റെടുത്തതോടെ നയൻതാരയുടെ നിലപാട് മാറിയെന്ന തരത്തിലുള്ള വിമർശനങ്ങളും ഉയർന്നുവന്നിരുന്നു.
പ്രമോഷണൽ പരിപാടികളോട് മുഖം തിരിക്കുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ചും താരം വെളിപ്പെടുത്തിയിരുന്നു. താനെന്താണ് ചിന്തിക്കുന്നത് എന്ന കാര്യത്തെക്കുറിച്ച് എല്ലാവരേയും അറിയിക്കുന്നതിനോട് താൽപര്യമില്ല.
ജനങ്ങളുമായി അത്ര പെട്ടെന്ന് കൂട്ടാവാൻ തനിക്ക് കഴിയാറില്ല. താൻ പറഞ്ഞ പല കാര്യങ്ങളും തെറ്റിദ്ധരിക്കപ്പെടുകയും വളച്ചൊടിക്കുകയും ചെയ്തിട്ടുണ്ട്.
അതത്ര നല്ല കാര്യമായി തോന്നുന്നില്ല. എന്റെ ജോലി അഭിനയമാണ്. സിനിമ തന്നെ സിനിമയെക്കുറിച്ച് സംസാരിച്ചോളും. ഇതായിരുന്നു നയൻതാര പറഞ്ഞത്. ഭാവിയിൽ പ്രമോഷണൽ പരിപാടികളിൽ താരം നേരിട്ട് പങ്കെടുത്തേക്കുമെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.
താരത്തോട് അടുത്ത വൃത്തങ്ങൾ ഇതേക്കുറിച്ച് സ്ഥിരീകരണം നടത്തിയിട്ടില്ല. തീരുമാനം മാറ്റിയാൽ വളരെ നല്ലതാണെന്നാണ് സിനിമാലോകത്തെ സംസാരം.
അടുത്തിടെ രാധാരവി നയൻതാരയെ രൂക്ഷമായി വിമർശിച്ച് എത്തിയിരുന്നു. പ്രമോഷണൽ പരിപാടികളിൽ പങ്കെടുക്കുന്നില്ലെങ്കിൽ പ്രതിഫലവും കുറയ്ക്കണമെന്നായിരുന്നു രാധാരവി പറഞ്ഞത്.