തെന്നിന്ത്യൻ താരറാണിയായി തിളങ്ങുന്ന നയൻതാരയ്ക്കു സംവിധായികയാകാൻ മോഹം. നയൻസ് നായികയാകുന്ന അരം എന്ന ചിത്രത്തിൽ നയൻസ് സഹസംവിധായികയായും പ്രവർത്തിച്ചിരുന്നു. ഇതോടെയാണു താരസുന്ദരിക്കു സിനിമ സംവിധാനം ചെയ്യാൻ മോഹമുണ്ടെന്ന വാർത്തകൾ വന്നത്.
അരത്തിന്റെ സംവിധായകൻ ഗോപി തന്നെയാണ് നയൻസ് ഈ ചിത്രത്തിൽ സഹസംവിധായികയായി പ്രവർത്തിച്ച കാര്യം വെളിപ്പെടുത്തിയത്. സിനിമയുടെ പല സീക്വൻസുകളിലും നയൻതാര കാമറയുടെ പിന്നിൽ പ്രവർത്തിച്ചെന്നും എല്ലാ ഘട്ടത്തിലും ഒപ്പമുണ്ടായിരുന്നുവെന്നും സംവിധായകൻ സാക്ഷ്യപ്പെടുത്തുന്നു.
കഠിനമായ ചൂടിൽ ഷൂട്ട് ചെയ്തിട്ടും നയൻതാര ഒരു പരാതിയും പറഞ്ഞില്ലത്രേ. ജലക്ഷാമം മൂലം കൃഷി ചെയ്യാനാകാതെ ദുരിതം അനുഭവിക്കുന്ന ഒരു ഗ്രാമത്തെ രക്ഷിക്കാൻ ശ്രമിക്കുന്ന കളക്ടറുടെ കഥയാണ് അരം എന്ന ചിത്രം പറയുന്നത്. ജില്ലാ കളക്ടറുടെ വേഷത്തിലാണ് നയൻതാര എത്തുന്നത്.