ബാഹുബലിയുമായി ബന്ധപ്പെട്ട എന്തും വാർത്തയാണ്. ഇപ്പോൾ ബാഹുബലി എന്ന ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ബ്ലോക്ബസ്റ്ററിൽ ഇടം ലഭിക്കാതെപോയവർ ആരെല്ലാം എന്നതാണ്. ഇതിൽ ഒന്നാമത് കേട്ട പേര് നടി ശ്രീദേവിയുടെയാണ്. ബാഹുബലിയിലെ പ്രധാന റോളായ ശിവകാമിയായി ആദ്യമായി രാജമൗലി പരിഗണിച്ചത് നടി ശ്രീദേവിയെ ആയിരുന്നു.
എന്നാൽ പുലി എന്ന സിനിമയുടെ ഡേറ്റ് ക്ലാഷ് ആയതിനാൽ ശ്രീദേവി ആ റോൾ സ്വീകരിച്ചില്ല എന്നതായിരുന്നു ആദ്യം പുറത്തു വന്ന വാർത്ത. എന്നാൽ വന്പൻ പ്രതിഫലം ആവശ്യപ്പെട്ടതിനെത്തുടർന്നു ശ്രീദേവിയെ ഒഴിവാക്കി പകരം രമ്യാ കൃഷ്ണനെ തീരുമാനിക്കുകയായിരുന്നു എന്നാണ് പിന്നീടു പുറത്തുവന്ന വാർത്ത.
ഇതിനു പിന്നാലെ ആരൊക്കെ ബാഹുബലി റോൾ നിരാകരിച്ചു എന്നത് ചർച്ചയാകുകയാണ്. അതിൽ ഒന്ന് മലയാളത്തിന്റെ സ്വന്തം നയൻതാരയാണ്. ദേവസേനയുടെ റോളിലേക്ക് ആദ്യം നയൻതാരയെ പരിഗണിച്ചിരുന്നു. എന്നാൽ നയൻതാരയ്ക്കും പ്രശ്നമായത് ഡേറ്റ് തന്നെ. ബാഹുബലി ഒന്നാം ഭാഗത്തിന്റെ സമയത്ത് തമിഴ് സിനിമയിൽ തിരക്കിലായിരുന്നു നയൻസ്.
ഒപ്പം അടുത്തകാലത്തായി തെലുങ്ക് ചിത്രങ്ങളിൽ നിന്നും വിട്ടുനിൽക്കുന്ന നയൻസിന്റെ നയവും ഈ റോൾ പോകുവാൻ കാരണമായെന്ന് റിപ്പോർട്ടുണ്ട്. ബാഹുബലി ഹിന്ദിയിൽ നിർമിക്കുന്പോൾ നായകനെയും വില്ലനെയും മാറ്റി പരീക്ഷിക്കാം എന്ന ആശയം രാജമൗലിക്കുണ്ടായിരുന്നു. ഇതിനായി ഹൃഥ്വിക് റോഷനെയും, ജോണ് ഏബ്രഹാമിനെയുമാണ് രാജമൗലി സമീപിച്ചത്. എന്നാൽ പിന്നീട് ഈ ആശയം ഉപേക്ഷിച്ചു. ഇരു ബോളിവുഡ് താരങ്ങൾക്കും മാറ്റിവയ്ക്കാൻ അത്രയും ഡേറ്റ് ഉണ്ടായിരുന്നില്ല എന്നതും ഇതിന് ഒരു കാരണമായി.