തെന്നിന്ത്യൻ താരസുന്ദരി നയൻതാര താനൊരു ലേഡി സൂപ്പർസ്റ്റാറാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. നയൻതാരയുടെ ഏറ്റവും പുതിയ ചിത്രം അറാം ഇപ്പോൾ സൂപ്പർഹിറ്റിലേക്ക് നീങ്ങുന്നു. മുന്പ് മായ, ഡോറ എന്നീ ചിത്രങ്ങളിലൂടെ സൂപ്പർ താരങ്ങൾ ആരുമില്ലെങ്കിലും ഒറ്റയ്ക്ക് ഒരു സിനിമ വിജയിപ്പിക്കാൻ തനിക്ക് കഴിയുമെന്ന് നയൻസ് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സൂപ്പർഹിറ്റിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന അറാം എന്ന ചിത്രവും അതിന് തെളിവാണ്.
മതിവദനി ഐഎഎസ് എന്ന ജില്ലാ കളക്ടറുടെ വേഷത്തിലാണ് നയൻസ് ചിത്രത്തിൽ എത്തിയിരിക്കുന്നത്. ഈ വേഷം നയൻസ് അവിസ്മരണീയമാക്കി. ഈ ചിത്രത്തിന്റെ വിജയത്തോടെ രണ്ടാം ഭാഗം ഒരുക്കുന്ന തയാറെടുപ്പിലാണ് അണിയറപ്രവർത്തകർ എന്നു റിപ്പോർട്ടുകൾ വരുന്നു.
രണ്ടാം ഭാഗം ഒരുക്കാവുന്ന തരത്തിലുള്ള ക്ലൈമാക്സാണ് ചിത്രത്തിനുള്ളത്. ചിത്രീകരണം പൂർത്തിയാക്കി ഏകദേശം ഒരു വർഷത്തിന് ശേഷമാണ് ചിത്രം പ്രദർശനത്തിനെത്തിയത്. താൻ അഭിനയിക്കുന്ന സിനിമകളുടെ പ്രമോഷൻ പരിപാടികളിൽ സാധാരണ നയൻസ് പങ്കെടുക്കാറില്ല. പക്ഷേ അറാമിനുവേണ്ടി നയൻസ് വേദികളിൽ പ്രത്യക്ഷപ്പെട്ടത് വാർത്തയായിരുന്നു. ചിത്രത്തിന്റെ റിലീസിന് ശേഷം ചെന്നൈയിലെ ചില തിയറ്ററുകളിലും താരം സന്ദർശനം നടത്തുകയും ചെയ്തിരുന്നു. ഇത് സിനിമയ്ക്ക് കാര്യമായി ഗുണം ചെയ്യുകയും ചെയ്തു. എന്തായാലും മതിവദനി ഐഎഎസിന്റെ രണ്ടാം ഭാഗം ഉണ്ടാവുമെന്ന പ്രതീക്ഷയിൽ തന്നെയാണ് നയൻസിന്റെ ആരാധകർ.