തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നറിയപ്പെടുന്ന നയന്‍താരയുടെ കാലം കഴിയുന്നുവോ ?. നയന്‍താരയും വിഗ്നേഷ് ശിവനും തമ്മിലുള്ള വിവാഹം കഴിഞ്ഞ നാള് മുതല്‍ നടിയ്ക്ക് കഷ്ടകാലമാണെന്നാണ് ചിലര്‍ പറയുന്നത്.
വളരെ പ്രതീക്ഷയോടെ പുറത്തിറക്കിയ പടങ്ങളൊന്നും പച്ചതൊട്ടില്ല. മാത്രമല്ല അജിതുമായി ചേര്‍ന്ന് നിര്‍മ്മിക്കും എന്ന കരുതിയ പടത്തില്‍ നിന്ന് ഭര്‍ത്താവും സംവിധായകനുമായ വിഗ്നേശ് ശിവനെ പുറത്താക്കുകയും ചെയ്തിരിക്കുകയാണ്.
കഴിഞ്ഞ ഒരു ദശാബ്ദമായി നയന്‍താരയുടെ സിനിമകള്‍ക്ക് വലിയ മാര്‍ക്കറ്റാണുണ്ടായിരുന്നത്. നയന്‍സിന്റെ സാന്നിദ്ധ്യം സിനിമയെ വിജയിപ്പിക്കുന്ന അവസ്ഥ.
ഇതേത്തുടര്‍ന്ന് ഒന്നിന് പിറകെ ഒന്നായി നടിയുടെ സിനിമകള്‍ ഹിറ്റാവുന്ന കാഴ്ചയ്ക്കാണ് തെന്നിന്ത്യന്‍ സിനിമാലോകം സാക്ഷ്യം വഹിച്ചത്. അതോടെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണവും കൈവന്നു.
കാമുകനായ വിഗ്നേഷ് ശിവനെ 2022 ജൂണിലാണ് നയന്‍താര വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹം മുമ്പേ തന്നെ രജിസ്റ്റര്‍ ചെയ്തിരുന്നതായാണ് വിവരങ്ങള്‍.
ആഘോഷപൂര്‍വം നടത്തിയ വിവാഹം കഴിഞ്ഞ് നാലു മാസത്തിനുള്ളില്‍ വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയും ചെയ്തു. ഇത് അല്ലറ ചില്ലറ വിവാദങ്ങള്‍ക്കു കാരണമായെങ്കിലും
വിവാഹം നേരത്തെ രജിസ്റ്റര്‍ ചെയ്ത തന്ത്രം നടിയ്ക്കും ഭര്‍ത്താവിനും തുണയായി. എന്നാല്‍ സമീപകാലത്ത് നടിയുടെ കരിയര്‍ഗ്രാഫ് താഴുന്നതായി ആരാധകര്‍ ആശങ്കപ്പെടുന്നു.
ഈയടുത്തായി പുറത്തിറങ്ങിയ നയന്‍സിന്റെ ചിത്രങ്ങള്‍ ഒന്നും തന്നെ വിജയിച്ചിട്ടില്ല. മലയാളം മൂവിയായ ഗോള്‍ഡിനും, തമിഴ് മൂവിയായ കണക്ടിനും വേണ്ടത്ര വിജയം ലഭിക്കാത്ത് നടിയെ നിരാശയിലാക്കിയിട്ടുണ്ട്. അതിന് മുമ്പിറങ്ങിയ ഒ2 എന്ന സിനിമയും വേണ്ടത്ര വിജയം കണ്ടില്ല.
നയന്‍താരയുടെ താരമൂല്യം കുത്തനെ ഇടിയുകയാണെന്നും ഇപ്പോള്‍ രണ്ട് സിനിമകളില്‍ നിന്നും താരത്തെ ഒഴിവാക്കി എന്നുമുള്ള റിപ്പോര്ട്ടുകളാണ്ഇപ്പോള് പുറത്തുവരുന്നത്. തമിഴിലെ അവസരങ്ങളാണ് നയന്‍താരയ്ക്ക് നഷ്ടമായിരിക്കുന്നത്.
പ്രമുഖ പ്രൊഡക്ഷന്‍ ഹൗസാണ് താരത്തെ വെച്ചുകൊണ്ട് ചെയ്യാനിരുന്ന രണ്ട് സിനിമകള്‍ ഒഴിവാക്കിയത്.
2021 ല്‍ ആയിരുന്നു നയന്‍താര ഈ പ്രൊഡക്ഷന്‍ ഹൗസിന്റെ സിനിമകളില്‍ അഭിനയിക്കാം എന്നേറ്റിരുന്നത്. ഒരു സിനിമയ്ക്ക് 10 കോടി എന്നതായിരുന്നു താരത്തിന്റെ പ്രതിഫലം.
എന്നാല്‍ സിനിമ ഏറ്റെടുത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടി കോള്‍ഷീറ്റ് നല്‍കിയിരുന്നില്ല. ഇതുകാരണമാണ് നിര്‍മ്മാതാവ് തന്റെ രണ്ട് സിനിമകളില്‍ നിന്നും താരത്തെ മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്.
അതേസമയം ഇക്കാര്യം സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.