തെന്നിന്ത്യയിൽ നിറയെ അവസരങ്ങളായി മുന്നേറുകയാണ് നയൻതാര. ജവാൻ എന്ന സിനിമയ്ക്കുശേഷം ബോളിവുഡിലും നടിക്ക് ജനപ്രീതി ലഭിച്ചു. എന്നാൽ ജവാനുശേഷം വന്ന ഹിന്ദി സിനിമകളുടെ അവസരങ്ങൾ നടി ഇതുവരെ സ്വീകരിച്ചിട്ടില്ല. തെന്നിന്ത്യൻ സിനിമാ രംഗത്ത് തുടരാനാണ് നടിയുടെ തീരുമാനം. അന്നപൂർണിയാണ് നയൻതാരയുടെ പുതിയ ചിത്രം.
നടിയുടെ 75ാമത്തെ സിനിമ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഫീൽ ഗുഡ് സിനിമയായ അന്നപൂർണിക്ക് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽനിന്നു ലഭിക്കുന്നത്. നയൻതാര പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ജയ്, സത്യരാജ് തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൊതുവെ പ്രൊമോഷണൽ അഭിമുഖങ്ങളിൽനിന്ന് മാറി നിൽക്കാറുള്ള നയൻതാര ഇത്തവണ പ്രൊമോഷനെത്താൻ തയാറായിട്ടുണ്ട്.
ഗലാട്ട തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ നയൻതാര പങ്കുവച്ച വിശേഷങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ആരാധകർക്കിടയിൽ എനിക്കുള്ള സ്വാധീനം ഉത്തരവാദിത്തമായാണ് കാണുന്നത്. ഒരിക്കൽ പോലും അതൊരു ഭാരമായി കണ്ടിട്ടില്ല.
വളരെ മികച്ച സിനിമ നമ്മൾക്ക് എപ്പോഴും ചെയ്യാൻ പറ്റില്ല. എന്നാൽ മാന്യമായ സിനിമ ഉണ്ടാക്കണമെന്നാണ് ആഗ്രഹിക്കുന്നത്. തെറ്റായ വിഷയങ്ങൾ സിനിമയിൽ ഉണ്ടാകാൻ പാടില്ലെന്ന് എപ്പോഴും ബോധപൂർവം എടുക്കുന്ന തീരുമാനമാണ്.
അന്നപൂർണിയേക്കാൾ ക്ലീൻ ആയ സിനിമ ഉണ്ടോയെന്ന് എനിക്കറിയില്ല. കാരണം ഇതിൽ കുടുംബബന്ധങ്ങളും റിലേഷൻഷിപ്പുകളുമുണ്ട്. ഈ വിഷയങ്ങൾ കൃത്യമായി ഒത്തുചേരണമെന്ന് ഞാനെപ്പോഴും വിചാരിക്കാറുണ്ട്.
കൊമേഴ്ഷ്യൽ സിനിമയായാലും തെറ്റായ സന്ദേശം കൊടുക്കാറില്ല. എനിക്ക് ശരിയായി തോന്നുന്ന കാര്യമാണ് എപ്പോഴും ചെയ്യാറ്. ജീവിതത്തിലും കരിയറിലും അങ്ങനെയാണ്. കഠിനാധ്വാനത്തിൽ വിശ്വസിക്കുന്നു. ആത്മാർഥതോടെ കാര്യങ്ങൾ ചെയ്യുന്നതാണ് ജീവിതത്തിൽ ഏറ്റവും പ്രധാനം.
സിനിമയ്ക്കായാലും ജീവിതത്തിലായാലും സ്വാഭിമാനം വിട്ട് കൊടുക്കില്ല. ആർക്ക് വേണ്ടിയും ആ ഒരു കാര്യം മാത്രം വിട്ടുകൊടുക്കാൻ പറ്റില്ല. എനിക്ക് ജീവിതംതന്നെ തന്നത് സിനിമയാണ്. പേരും പണവും ബഹുമാനവും എല്ലാം തന്നത് സിനിമയാണ്- നയൻതാര വ്യക്തമാക്കി.