ന്യൂഡല്‍ഹി: ബിജെപി മന്ത്രിയുടെ ഫോണ്‍ അടിച്ചുമാറ്റിയ മോഷ്ടാവിനെ പിടികൂടാന്‍ സഹായകമായത് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. ഒരു മിടുക്കിയായ വനിതാ പോലീസിന്റെ ബുദ്ധിയാണ് നയന്‍താരയെ ഉപയോഗിച്ച് കള്ളനെ പിടികൂടാന്‍ സഹായകമായത്. ബിഹാറിലെ പാറ്റ്നയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെയായുള്ള ദര്‍ഭംഗ ജില്ലയിലാണ് സംഭവം. ബിജെപി നേതാവ് സഞ്ജയ് കുമാറിന്റെ മുന്തിയ വിലയുള്ള മൊബൈല്‍ മുഹമ്മദ് ഹസ്നയന്‍ എന്ന മോഷ്ടാവ് അടിച്ച് മാറ്റുകയായിരുന്നു. മൊബൈല്‍ മോഷണം സംബന്ധിച്ച് അസിസ്റ്റന്റ് എസ്.ഐ മധുബാല ദേവിക്ക് പരാതി ലഭിക്കുകയും ചെയ്തിരുന്നു. ഫാണ്‍ വിവരങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് ഹസ്നയനാണ് മോഷ്ടാവെന്ന് മനസ്സിലായത്. പിന്നീട് പലതവണയായി പിടികൂടുവാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ തന്ത്രപൂര്‍വ്വം രക്ഷപെടുകയായിരുന്നു. പിന്നീട്, അന്വേഷണ ഉദ്യോഗസ്ഥ തന്നെ ഫോണിലൂടെ പ്രണയം നടിച്ച് ഇയാളെ വശത്താക്കുകയായിരുന്നു.
തുടര്‍ച്ചയായ വിളികളില്‍ ആദ്യം താത്പര്യം കാണിച്ചില്ലെങ്കിലും ഹസ്‌നൈന്‍ പതിയെ തന്ത്രത്തില്‍ വീണു. പ്രണയിക്കുന്ന പെണ്‍കുട്ടിയുടെ ഫോട്ടോ വേണമെന്നായി ഹസ്‌നൈന്‍. മധുബാലയാകട്ടെ നടി നയന്‍താരയുടെ ചിത്രം അയച്ചു കൊടുക്കുകയും ചെയ്തു. ഇതില്‍ വീണ ഹസ്നയന് സുന്ദരിയായ കാമുകിയെ കാണുവാന്‍ ധൃതിയായി. പിന്നീട്, ദര്‍ഭംഗ സിറ്റിയിലെ ഒരിടത്ത് വെച്ച് കാണാമെന്ന് ഇരുവരും ധാരണയായി. നിശ്ചയിച്ച സ്ഥലത്ത് ഹസ്‌നൈന്‍ എത്തിയതോടെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
മധുബാലയാകട്ടെ സ്ഥലത്തെത്തിയത് ബുര്‍ഖ ധരിച്ചുകൊണ്ടായിരുന്നു. അതിനാല്‍ ഇവരെ തിരിച്ചറിയാന്‍ ഹസനൈന് കഴിഞ്ഞതുമില്ല. സ്ഥലത്ത് വേഷം മാറി എത്തിയ മറ്റ് പൊലീസുകാരുടെ സഹായത്തോടെ ഹസ്‌നൈനെ കീഴടക്കുകയായിരുന്നു.എന്നാല്‍ മൊബൈല്‍ ഫോണ്‍ താന്‍ മറ്റൊരു കുറ്റവാളിയില്‍ നിന്ന് 4500 രൂപക്ക് വാങ്ങിയതാണെന്ന് ഹസനൈന്‍ പറഞ്ഞു. ഇയാള്‍ നല്‍കിയ വിവരം അനുസരിച്ച് മൊബൈല്‍ വിറ്റയാള്‍ എന്ന് കരുതുന്നയാളെയും പൊലീസ് പിടികൂടി. കേസന്വേഷണത്തിലെ ബുദ്ധിസാമര്‍ഥ്യത്തിന് ബീഹാര്‍ പൊലീസ് മധുബാല ദേവിക്ക് ബഹുമതിയും പ്രഖ്യാപിച്ചു. എന്തായാലും മധുബാല ദേവി ഇപ്പോള്‍ നയന്‍താരയ്ക്ക് നന്ദി പറയുകയാണ്.