ആരാധകര് ലേഡി സൂപ്പര് സ്റ്റാര് എന്ന് വിശേഷിപ്പിക്കുന്ന താരറാണിയാണ് നയന്താര. ഈ വിളിപ്പേരിനെച്ചൊല്ലി ആളുകള്ക്കിടയില് സമ്മിശ്രമായ അഭിപ്രായങ്ങളാണുള്ളത്. ഈ വിശേഷണത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണിപ്പോള് നയന്താര.
ലേഡി സൂപ്പര് സ്റ്റാര് എന്ന് ടൈറ്റില് കാര്ഡില് ഉപയോഗിക്കരുതെന്ന് സംവിധായകരോടും നിര്മാതാക്കളോടും വര്ഷങ്ങള്ക്ക് മുമ്പേ അഭ്യര്ഥിച്ചിരുന്നെന്നാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു അഭിമുഖത്തിലാണ് ഇക്കാര്യത്തേക്കുറിച്ച് നയന്താര തുറന്നുപറഞ്ഞത്. ഈയൊരു തലക്കെട്ടിന്റെ പേരിൽ മാത്രം എനിക്കു നേരിടേണ്ടിവന്ന തിരിച്ചടികൾ അവിശ്വസനീയമാണ്.
കഴിഞ്ഞ അഞ്ചാറുവര്ഷം ഞാന് ചെയ്ത സിനിമകളുടെ സംവിധായകരോടും നിര്മാതാക്കളോടും ടൈറ്റില് കാര്ഡില് അത് ഉപയോഗിക്കരുതെന്ന് കെഞ്ചിപ്പറഞ്ഞിട്ടുണ്ട്. കാരണം എനിക്കു പേടിയായിരുന്നു. ഒരു തലവാചകമോ ടാഗോ അല്ല എന്റെ കരിയര് നിര്ണയിക്കുന്നത്. മറ്റൊരാളുടെ പദവി തട്ടിയെടുക്കാന് ഞാന് ശ്രമിക്കുകയില്ല. എന്നെ സംബന്ധിച്ച് ആ വിശേഷണം ഒന്നുമല്ല.
എന്നാല്, ആളുകളുടെ സ്നേഹവും ബഹുമാനവും കാരണം അതിനെ ഞാനല്പം വിലമതിക്കുന്നുണ്ട്. ഞാന് ഒരു രാത്രികൊണ്ട് ആലോചിച്ചുണ്ടാക്കി അടുത്ത ദിവസം ഇതുപയോഗിച്ചോളൂ എന്ന് പറഞ്ഞു നല്കിയതല്ല ആ വിശേഷണം. ആളുകളെ അങ്ങനെ വിഡ്ഢികളാക്കാനാകില്ല. എല്ലാം നമുക്ക് സ്വന്തമായി ഉണ്ടാക്കാനാകില്ല. അതു സംഭവിക്കുകയാണ് ചെയ്യുക. എന്റെ സിനിമകളിലെ നായകന്മാരെ ഞാൻ ആശ്രയിക്കുന്നില്ല എന്ന് പറയുന്നില്ല.
സ്ത്രീകേന്ദ്രിതമായ എന്റെ സിനിമകളെല്ലാം നല്ലതുതന്നെയാണ്. എന്റെ കരിയറിന്റെ തുടക്കത്തിലും ഇതുവരെയും ഞാന് പ്രവര്ത്തിച്ചിട്ടുള്ള എല്ലാ വലിയ സൂപ്പര്സ്റ്റാറുകളും കാരണം ഒരു നിശ്ചിത ഫോളോവേഴ്സ് എനിക്കുണ്ടായിട്ടുണ്ട്. അതു നല്ലവരായ സഹപ്രവര്ത്തകരില്നിന്നു ഭാഗികമായി എനിക്കു കിട്ടിയ കാര്യമാണ്- നയന്താര വ്യക്തമാക്കി.