ദക്ഷിണേന്ത്യന്‍ സിനിമയിലെ താരറാണി നയന്‍താര വിവാഹിതയായതായി സൂചന. തമിഴ് മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. രണ്ടുമാസം മുമ്പു സംവിധായകന് വിഘ്നേഷ് ശിവയുമായുള്ള വിവാഹം കഴിഞ്ഞെന്നും ഇരുവരും ഇപ്പോള്‍ ചെന്നൈ എഴുംപുരിലെ വീട്ടിലാണു താമസമെന്നുമാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് യാതൊരുവിധ പ്രതികരണത്തിനും നയന്‍സ് തയാറായിട്ടില്ല. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത മാസങ്ങള്‍ക്കു മുമ്പു വന്നിരുന്നു. വാര്‍ത്ത ഇരുവരും നിഷേധിച്ചെങ്കിലും പലവേദികളിലും ഒന്നിച്ചു പ്രത്യക്ഷപ്പെട്ടതു സംശയം വര്‍ധിപ്പിച്ചിരുന്നു.
അടുത്തിടെ ഇരുവരും വിദേശയാത്ര നടത്തിയ ചിത്രങ്ങള്‍ നയന്‍സ് തന്നെ പുറത്തുവിട്ടിരുന്നു. നിലവില്‍ തമിഴില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികയാണ് അവര്‍. ഈ പദവികള്‍ നഷ്ടപ്പെടാതിരിക്കാനാണു വിവാഹക്കാര്യം രഹസ്യമാക്കി വച്ചിരിക്കുന്നതെന്നാണു മാധ്യമങ്ങള്‍ എഴുതിപ്പിടിപ്പിക്കുന്നത്. അടുത്തകാലത്തായി നിരവധി ചിത്രങ്ങളിലേക്കുള്ള ഓഫറുകള്‍ നയന്‍സ് നിരസിച്ചിരുന്നു. നായികാപ്രാധാന്യമുള്ള റോളുകള്‍ മാത്രമാണ് നയന്‍സ് ഇപ്പോള്‍ സ്വീകരിക്കുന്നത്.
നിരവധി പ്രണയകഥകളിലെ നായികയാണ് തിരുവല്ല സ്വദേശിയായ നയന്‍താര. സത്യന് അന്ത്യക്കാട് സംവിധാനം ചെയ്ത മനസിനക്കരെ എന്ന ചിത്രത്തിലൂടെയാണ് അവര്‍ സിനിമയിലെത്തുന്നത്. പിന്നീട് തമിഴിലേക്ക് മാറിയതോടെയാണ് സൂപ്പര്‍താരങ്ങളുടെ നിരയിലേക്കുയരുന്നത്. ആദ്യം ചിമ്പുവുമായി പ്രണയത്തിലായെങ്കിലും ആ ബന്ധം അധികകാലം നീണ്ടുനിന്നില്ല. നടനും സംവിധായകനുമായ പ്രഭുദേവയായിരുന്നു രണ്ടാമത്തെ കാമുകന്. ഏറെ കോളിളക്കം സൃഷ്ടിച്ച ഈ ബന്ധവും ദാമ്പത്യത്തിലേക്കെത്തിയില്ല.