നീണ്ട ആറു വർഷത്തെ പ്രണയത്തിനൊടുവിൽ ലേഡി സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും വിവാഹിതരാകാൻ പോവുകയാണ്. ഈ മാസം ഒമ്പതിന് മഹാബലിപുരത്തായിരിക്കും വിവാഹം നടക്കാൻ പോകുന്നത്.
കഴിഞ്ഞ ദിവസമാണ് ഇവരുടെ ഡിജിറ്റൽ വിവാഹ ക്ഷണകത്ത് സോഷ്യൽമീഡിയയിൽ വൈറലായത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇരുവരും ഈ വർഷം വിവാഹിതരാകുമെന്നത് സംബന്ധിച്ച് റിപ്പോർട്ടുകൾ വരുന്നുണ്ടായിരുന്നു.
വളരെ രഹസ്യമായി അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹനിശ്ചയം. നയൻതാര തന്നെയാണ് വിവാഹ നിശ്ചയം നടന്നെന്ന വിവരം ഒരു അഭിമുഖത്തിൽ പങ്കെടുക്കവെ വെളിപ്പെടുത്തിയത്.
നയൻതാര-വിഘ്നേഷ് ശിവൻ വിവാഹത്തിന് ബോളിവുഡിലെ ഒട്ടേറെ സെലിബ്രിറ്റി വിവാഹവുമായി ചില ബന്ധങ്ങളും സാമ്യതകളുമുണ്ടാകുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
കാരണം ഏറ്റവുമൊടുവിൽ വിക്കി-കത്രീന വിവാഹം ഭംഗിയാക്കിയ ശാദി സ്ക്വാഡ് എന്ന വെഡ്ഡിങ് പ്ലാനേഴ്സാണ് നയൻതാര-വിഘ്നേഷ് വിവാഹവും ഏറ്റെടുത്ത് നടത്തുന്നത്.
നിരവധി താര വിവാഹങ്ങൾ നടത്തിയ ഇവന്റ് കമ്പനിയാണ് ശാദി സ്ക്വാഡ്. അനുഷ്ക-വിരാട് കൊഹ്ലി, ഫർഹാൻ അക്തർ-ഷിബാനി, വരുൺ ധവാൻ-നടാഷ തുടങ്ങിയ സെലിബ്രിറ്റി വിവാഹങ്ങളെല്ലാം ഏറ്റെടുത്ത് ഗ്രാൻഡാക്കി മാറ്റിയത് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശാദി സ്ക്വാഡ് എന്ന വെഡ്ഡിംഗ് പ്ലാനേഴ്സ് തന്നെയാണ്.
കഴിഞ്ഞ ദിവസം ഗലാട്ട ക്രൗൺ അവാർഡ് നിശയിൽ വിവാഹ സാരിയെക്കുറിച്ചും മറ്റും നയൻതാരയും വിഘ്നേഷും സംസാരിച്ചിരുന്നു.
വിവാഹത്തിന് നയൻതാര എന്ത് ധരിക്കണം എന്ന ആരാധകരുടെ മറുപടികൾ കോർത്തിണക്കിയ വീഡിയോ സ്ക്രീനിൽ കാണിച്ച ശേഷമായിരുന്നു വിഘ്നേഷിനോട് അവതാരക ചോദ്യം ആവർത്തിച്ചത്.
ആരാധകരിൽ ഒരാൾ പറഞ്ഞപോലെ എന്ത് ധരിച്ചാലും നയൻസ് സുന്ദരിയാണ് എന്നാണ് വിഘ്നേഷ് നൽകിയ മറുപടി.