തെന്നിന്ത്യൻ സൂപ്പർ താരം, ലേഡി സൂപ്പർസ്റ്റാർ എന്നീ പേരുകളിൽ അറിയപ്പെടുന്ന മലയാളി കൂടിയായ നയൻതാര അഭിനയം നിർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.
തന്റെ സ്വകാര്യ ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുന്നുവെന്നും ഇതിന്റ ഭാഗമായി അഭിനയം താൽകാലികമായി നിർത്തുകയാണെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ട്.
വാടകഗർഭത്തിലൂടെ അമ്മയായ താരം തന്റെ ഇരട്ടക്കുട്ടികളായ ഉയിരിനും ഉലഗത്തിനും വേണ്ടി ഇനിയുള്ള സമയം നീക്കിവയ്ക്കുന്നതായാണ് പുറത്തുവരുന്ന വാർത്തകൾ.
കഴിഞ്ഞ ഒക്ടോബറിലാണ് നയൻതാര ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനൊപ്പം ഇരട്ടക്കുട്ടികളെ സ്വീകരിച്ചത്.
റിപ്പോർട്ടുകൾ അനുസരിച്ച് നയൻതാര തന്റെ അഭിനയ ജീവിതത്തിൽനിന്നു മാറി തന്റെ മക്കളിലേക്കും വിഘ്നേഷിനൊപ്പമുള്ള തന്റെ പ്രൊഡക്ഷൻ ഹൗസിലേക്കും ശ്രദ്ധ മാറ്റുന്നു എന്നാണു പുറത്തു വരുന്ന വിവരങ്ങൾ.
നയൻതാരയും വിഘ്നേഷും റൗഡി പിക്ചേഴ്സ് സഹ ഉടമകളാണ്. ഈ വാർത്ത ആരാധകരെ ഞെട്ടിക്കുന്നതാണ്. എന്നാൽ റിപ്പോർട്ടിന്റെ ആധികാരികതയിൽ സ്ഥിരീകരണമായിട്ടില്ല.
ഇത് സംബന്ധിച്ച് നയന്‍താരയോ വിഘ്നേഷ് ശിവനോ ഔദ്യോഗിക അറിയിപ്പൊന്നും രേഖപ്പെടുത്തിയിട്ടില്ല.ഈ വർഷത്തെ ഏറ്റവും വലിയ സിനിമകളിൽ ഒന്നാണ് ജവാൻ.
ഷാരൂഖ് ഖാൻ നായകനാകുന്ന ചിത്രത്തിൽ നയൻതാര നായികയാകുന്നു. ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ജവാൻ ജൂണിൽ റിലീസ് ചെയ്യാനിരിക്കെ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് താരങ്ങൾ. വിജയ് സേതുപതി, സന്യ മൽഹോത്ര, പ്രിയാമണി എന്നിവരും ചിത്രത്തിലുണ്ട്.