ജനപ്രീതിയുള്ള നായികമാർ ആരെന്ന് അറിയാൻ തമിഴകത്തെ പ്രേക്ഷകർക്ക് എന്നും വലിയ ആകാംക്ഷയാണ്. പലപ്പോഴും ചെറിയ വ്യത്യാസത്തിലാണ് ഓരോരുത്തർക്കും ആദ്യ മൂന്ന് സ്ഥാനങ്ങൾ നഷ്ടമാവുന്നത്. കുറേ നാളുകളായി തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയായിരുന്നു ആദ്യ സ്ഥാനത്ത്. എന്നാൽ ഇടയ്ക്കുവച്ച് താരം പിന്നിലായിരുന്നു. പക്ഷേ വീണ്ടും പുതിയ കണക്കുകൾ പ്രകാരം താരം ആദ്യസ്ഥാനത്ത് തിരികെ എത്തിയിരിക്കുകയാണ്.
ജനപ്രീതിയിൽ മുന്നിലുള്ള തമിഴ് നായികാ താരങ്ങളുടെ പട്ടിക ഓർമാക്സ് മീഡിയ ആണ് പുറത്തുവിട്ടത്. നേരത്തെ തൃഷ കൃഷ്ണനായിരുന്നു ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. എന്നാൽ ജൂൺ മാസത്തെ പുതിയ റിപ്പോർട്ട് പ്രകാരം തൃഷ രണ്ടാം സ്ഥാനത്തേക്കു തള്ളപ്പെട്ടു. വീണ്ടും നയൻതാര ഒന്നാമതായി. മൂന്നാം സ്ഥാനത്ത് സാമന്തയും നാലാം സ്ഥാനത്ത് എത്തിയിരിക്കുന്നത് കീർത്തി സുരേഷുമാണ്.
നയൻതാരയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം നവാഗതനായ നിലേഷ് കൃഷ്ണയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത അന്നപൂർണി ആയിരുന്നു. ചിത്രം കഴിഞ്ഞ വർഷം റിലീസ് ചെയ്തതാ ണ്. എന്നാൽ നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി റിലീസിനൊരുങ്ങുന്നതും, പ്രൊഡക്ഷൻ തീർന്നുകൊണ്ടിരിക്കുന്നതും. അതിൽ രണ്ട് മലയാള ചിത്രങ്ങളും ഉണ്ടെന്നതാണ് ശ്രദ്ധേയം. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിൽ നായികയായി എത്തുന്നത് നയൻതാരയാണ്.
തമിഴ് സിനിമകളിലാണ് നയൻതാര തിളങ്ങുന്നതെങ്കിലും മലയാളികൾക്കും ഇത് അഭിമാന നിമിഷമാണ്. ആദ്യ സ്ഥാനത്തേക്ക് എത്തുന്നതിൽ നയൻതാരയുടെ പരിശ്രമം ചെറുതല്ല. നിരന്തരം സിനിമകൾ റിലീസ് ചെയ്യുന്നില്ലെങ്കിൽ പോലും ലേഡി സൂപ്പർസ്റ്റാർ എന്നും സ്റ്റാർ തന്നെയാണെന്ന് വീണ്ടും തെളിയിക്കുന്നു.
മഗിഴ് തിരുമേനിയുടെ സംവിധാനത്തിൽ റിലീസിനൊരുങ്ങുന്ന ചിത്രം വിഡാ മുയർച്ചിയിൽ സുപ്രധാന വേഷത്തിൽ തൃഷ ഉണ്ട്. ചിത്രത്തെ കുറിച്ച് കുറേ നാളുകളായി സമൂഹ മാധ്യമങ്ങളിലൂടെ വലിയ ചർച്ചകൾ ഉണ്ടാകുന്നുണ്ട്. മാത്രമല്ല എന്നൈ അറിന്താൻ എന്ന ചിത്രത്തിനു ശേഷം അജിത്തിനൊപ്പം വീണ്ടും തൃഷ അഭിനയിക്കുന്നു എന്ന പ്രത്യേകതയുണ്ട്. റാം, ഐഡിന്റിറ്റി എന്നീ മലയാള ചിത്രങ്ങളും തൃഷയുടെ വരാനിരിക്കുന്ന പ്രൊജക്ടുകളാണ്.
അഞ്ചാം സ്ഥാനത്ത് തമന്നയും ആറാം സ്ഥാനത്ത് പ്രിയങ്ക മോഹനുമാണ്. സുന്ദർ സി സംവിധാനം ചെയ്ത അരൺമനൈ 4 ആയിരുന്നു തമന്നയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. പ്രേക്ഷകരടെ പ്രിയതാരമാണ് ജ്യോതിക. ജനപ്രീതിയിൽ ഏഴാമത് എത്തിയത് ജ്യോതികയാണ്. അതിനു ശേഷമുള്ള സ്ഥാനങ്ങളിൽ തെന്നിന്ത്യയുടെ പ്രിയ താരങ്ങളും ഉണ്ട്. തെന്നിന്ത്യയിലെ സൂപ്പർ നായിക അനുഷ്ക ഷെട്ടി എട്ടാം സ്ഥാനത്താണ്. ഒമ്പതാം സ്ഥാനത്ത് കാജൽ അഗർവാളും പത്താം സ്ഥാനത്ത് സായ് പല്ലവിയും എത്തി.
ജനപ്രീതിയിൽ രശ്മിക മന്ദാനയ്ക്ക് ഒരു സ്ഥാനവും ലഭിച്ചില്ല. രശ്മികയുടെ അവസാനം റിലീസ് ചെയ്ത ചിത്രം ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ആനിമൽ ആയിരുന്നു. അതുവരെ നാഷണൽ ക്രഷ് എന്ന ടാഗ് ലൈൻ ലഭിച്ചിരുന്നത് രഷ്മികയ്ക്ക് ആയിരുന്നു. എന്നാൽ ആ സിനിമയ്ക്കുശേഷം തൃപ്തി ദിമ്റിയെ ആണ് ആരാധകർ നാഷണൽ ക്രഷ് എന്ന് വിളിക്കുന്നത്. രശ്മികയ്ക്ക് നിലവിൽ ഈ പട്ടികയിൽ ഒരു സ്ഥാനം പോലും നേടാൻ സാധിച്ചില്ല.