ചെന്നൈ: നടി നയൻതാരയുടെ വാടക ഗർഭധാരണത്തിൽ നിയമലംഘനം നടന്നിട്ടില്ലെന്നു തമിഴ്നാട് ആരോഗ്യവകുപ്പ്. അതേസമയം, രേഖകളൊന്നും സൂക്ഷിക്കാതെ കൃത്രിമ ഗർഭധാരണം നടത്തിയതിലൂടെ ആശുപത്രി അധികൃതർ ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) മാർഗനിർദേശങ്ങൾ ലംഘിച്ചു.
ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യത്തിന്റെ നിർദേശപ്രകാരം ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ തയാറാക്കിയ അന്വേഷണ റിപ്പോർട്ടിലാണ് ഈ വിവരം.
എല്ലാ നിയമവശങ്ങളും കൃത്യമായി പാലിച്ചാണു നയൻതാര വാടകഗർഭധാരണം നടത്തിയത് എന്നാണു റിപ്പോർട്ടിലുള്ളത്. വിവാഹിതരായവർ അഞ്ചുവർഷം കഴിഞ്ഞു മാത്രമേ വാടക ഗർഭധാരണം നടത്താവൂ എന്നാണു നിയമം.
വാടകഗർഭധാരണം മുതലുള്ള രേഖകൾ ഹാജരാക്കിയില്ലെങ്കിൽ നിയമനടപടി നേരിടേണ്ടിവരുമെന്നും മെഡിക്കൽ പാനൽ ആശുപത്രി അധികൃതർക്കു മുന്നറിയിപ്പു നൽകി.
ഇതിനിടെ, വാടക ഗർഭധാരണത്തിന് നയൻതാരയോടും വിഗ്നേഷിനോടും നിർദേശിച്ച കുടുംബ ഡോക്ടർ വിദേശത്തേക്കു കടന്നതിനാൽ ഇതു സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്താൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.