നയൻതാരയെ പൊതുവേദിയിൽ അധിക്ഷേപിച്ച രാധാ രവിയുടെ പെരുമാറ്റം സംവിധായകൻ വിഘ്നേഷ് രവിയെ ചൊടിപ്പിച്ചിരുന്നു. രാധാരവിക്കെതിരെ വിഘ്നേഷ് പ്രതികരിക്കുകയും ചെയ്തു. എന്നാൽ വേണ്ടപ്പെട്ടവരുടെ കാര്യങ്ങളിൽ മാത്രമാണ് വിഘ്നേഷ് രംഗത്തെത്തുകയെന്ന് ചൂണ്ടികാട്ടി നടൻ സിദ്ധാർഥ് പ്രതികരിച്ചതോടെ കാര്യങ്ങൾ കൂടുതൽ കുളമായി.
സിദ്ധാർഥിനോടുളള എല്ലാ ബഹുമാനവും മുൻനിർത്തി കൊണ്ടാണ് താൻ ഈ മറുപടി നൽകുന്നതെന്ന് ആമുഖമായി പറഞ്ഞു കൊണ്ടായിരുന്നു സംവിധായകന്റെ മറുപടി. സമൂഹമാധ്യമങ്ങളിൽ മൗനം പാലിച്ചത് മീടുവിന് എതിരാണെന്ന് ഒരിക്കലും വ്യാഖ്യാനിക്കരുത്.
സ്ത്രീകളുടെ സുരക്ഷയ്ക്കും ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഒരു വ്യക്തിയാണ് നയൻതാര. ഇത് സ്വന്തം തൊഴിലിടത്തും പ്രാവർത്തികമാക്കാൻ വേണ്ടി ഇവർ പ്രവർത്തിക്കുന്നുമുണ്ട്. ഇതിന്റെ വ്യാപ്തി ഒരു ട്വിറ്റർ പോസ്റ്റിനെക്കാൾ വലുതാണെന്ന് വിഘ്നേഷ് കുറിച്ചു.
ഒരുപാട് സ്ത്രീകൾക്ക് മാനസികമായും സാമ്പത്തികമായും പിന്തുണയുമായി ഇവർ കൂടെ തന്നെയുണ്ട്. അതിൽ മീടൂവിന് ഇരയായവരുമുണ്ട്. ജീവിതത്തിൽ ഇത്രയധികം കാര്യങ്ങൾ ചെയ്തിട്ടും അത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിൽ അവർ പരാജയപ്പെട്ടു. ഇതൊക്കെ പുറം ലോകത്തെ അറിയിക്കാതിരുന്നതിൽ അവർക്ക് അവരുടേതായ കാരണങ്ങളുണ്ടെന്നും വിഘ്നേഷ് ട്വീറ്റ് ചെയ്തു.
കാര്യങ്ങളുടെ സത്യവസ്ഥ അറിഞ്ഞതോടെ സിദ്ധാർഥ് മാപ്പ് പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. താൻ പറയാൻ ഉദ്ദേശിച്ച കാര്യം ട്വിറ്ററിലൂടെ വേണ്ടവിധം പറയാൻ സാധിച്ചിരുന്നില്ല.സ്ത്രീകളോടും അക്രമത്തെ അതിജീവിച്ചവരോടുമുള്ള ബഹുമാനാര്‍ഥം ആ ട്വീറ്റ് പിൻവലിക്കുന്നെന്നും സിദ്ധാര്‍ഥ് പറഞ്ഞു.