ഷാരൂഖ് ഖാന്-നയന്‍താര ചിത്രം ജവാന് തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. എന്നാല്‍ നയന്‍താരയ്ക്ക് ലഭിച്ച ആദ്യ ഷാരൂഖ് ചിത്രം ജവാന് ആയിരുന്നില്ല. രോഹിത് ഷെട്ടി സംവിധാനം ചെയ്ത ചെന്നൈ എക്സ്പ്രസ് ആയിരുന്നു. ആ അവസരം നയൻസ് വേണ്ടെന്നു വയ്ക്കുകയായിരുന്നു.
നയൻതാരയുടെ പ്രിയപ്പെട്ട നടന്മാരില് ഒരാളായിട്ടും ഷാരൂഖിനൊപ്പം ചെന്നൈ എക്സ്പ്രസ് ചെയ്യാന്‍ നയന്‍ തയാറാവാത്തതിന് പിന്നില്‍ ഒന്നിലധികം കാരണങ്ങളാണ് അന്നു പറഞ്ഞുകേട്ടത്. നയൻസിന്റെ ആദ്യ ബോളിവുഡ് ചിത്രം ജവാൻ തിയറ്ററുകളിലെത്തിയതോടെ താരം ചെന്നൈ എക്സ്പ്രസ് വേണ്ടെന്നുവച്ച കാര്യം വീണ്ടും ചർച്ചയാവുകയാണ്.
ചെന്നൈ എക്സ്പ്രസിലേക്ക് നയന്‍താരയെ ക്ഷണിച്ചത് ദീപിക പദുക്കോണ്‍ അവതരിപ്പിച്ച മീനമ്മ എന്ന കഥാപാത്രത്തിലേക്കായിരുന്നില്ല. 1234 ഗെറ്റ് ഓണ്‍ ദ ഡാന്‍സ് ഫ്ളോർ എന്ന ഗാനത്തിനൊപ്പം നൃത്തം വയ്ക്കാനായിരുന്നു. നയൻസ് പിന്മാറിയതോടെ ആ ഗാനരംഗത്ത് ഷാരൂഖിനൊപ്പം പ്രിയാമണി എത്തുകയായിരുന്നു.
ആ സമയത്ത് തന്റെ കഥാപാത്രത്തിന് പ്രാമുഖ്യം നല്കുന്ന ചിത്രങ്ങളില്‍ മാത്രം അഭിനയിക്കുക എന്നതായിരുന്നു നയൻതാരയുടെ തീരുമാനം. അതുകൊണ്ടുതന്നെ ഒരു ഐറ്റം ഡാന്‍സില്‍ പ്രത്യക്ഷപ്പെടാന്‍ നയന്‍താര ആഗ്രഹിച്ചിരുന്നില്ല എന്നാണ് ഒരു റിപ്പോർട്ട്.
ഇതുകൂടാതെ ആ ഗാനത്തില്‍നിന്നുള്ള നയന്‍താരയുടെ പിന്മാറ്റത്തിന് പിന്നില്‍ മറ്റൊരു കാരണവും ഉണ്ട്. 1234 എന്ന ഗാനത്തിന്റെ കൊറിയോഗ്രഫി ചെയ്തിരിക്കുന്നത് രാജു സുന്ദരമാണ്. തമിഴ് നടനും സംവിധായകനും നർത്തകനുമായ പ്രഭുദേവയുടെ സഹോദരനാണ് രാജു സുന്ദരം. നയന്‍താരയും പ്രഭുദേവയും തമ്മില്‍ വേർപിരിഞ്ഞ സമയമായതിനാൽ പ്രഭുദേവയുടെ സഹോദരനൊപ്പം ജോലി ചെയ്യാന്‍ നയന്‍താര ഇഷ്ടപ്പെട്ടിരുന്നില്ലെന്നാണ് റിപ്പോർട്ട് .
നയൻതാരയുടെയും സംവിധായകൻ അറ്റ് ലീയുടെയും ആദ്യ ഹിന്ദി ചിത്രം എന്ന പ്രത്യേകതയോടെയാണ് ജവാൻ എത്തുന്നത്. പ്രിയാമണി, സന്യ മൽഹോത്ര എന്നിവരാണ് മറ്റ് താരങ്ങൾ. അതിഥിവേഷത്തിൽ ദീപിക പദുക്കോണും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.