തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വേലൈക്കാരൻ. ഫഹദ് ഫാസിലിന്റെ ആദ്യ തമിഴ് ചിത്രമെന്ന രീതിയിൽ ഇതിനോടകം തന്നെ ചിത്രത്തിന് വൻ ഹൈപ്പ് കിട്ടിയിട്ടുണ്ട്. നയൻതാരയും ശിവകാർത്തികേയനും ഒരുമിച്ചെത്തുന്ന ചിത്രത്തിൽ വില്ലനായാണ് ഫഹദ് അരങ്ങേറുന്നത്. 24 സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ റിലീസിങ്ങ് തീയതി നീട്ടിയെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.
ചിത്രത്തെക്കുറിച്ചുള്ള വാർത്തകൾ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിലൂടെ വൈറലാവുന്നത്. രണ്ട് പാട്ടുകളുടെ ചിത്രീകരണം ഇതിനോടകം തന്നെ പൂർത്തിയാക്കിയിട്ടുണ്ട്. തനി ഒരുവന് ശേഷം മോഹൻരാജ സംവിധാനം ചെയ്യുന്ന ചിത്രത്തിനെക്കുറിച്ച് ആരാധകർക്ക് ഏറെ പ്രതീക്ഷയാണ്.
സെപ്റ്റംബർ 29 നായിരുന്നു ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. പറഞ്ഞ തീയതിയിൽ ചിത്രം തിയറ്ററിലേക്ക് എത്താത്തതിനു പിന്നിലുള്ള കാരണവും അണിയറ പ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്. ഉത്സവ സീസണുമായി ബന്ധപ്പെട്ട് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. നിലവിലെ റിപ്പോർട്ട് പ്രകാരം ദീപാവലി, വിജയദശമി നാളുകളിൽ നിരവധി സിനിമക തിയറ്ററുകളിലേക്ക് എത്തുന്നുണ്ട്.
ക്രിസ്മസ് ലക്ഷ്യമാക്കിയാണ് വേലൈക്കാരന്റെ റിലീസ് തീരുമാനിച്ചിട്ടുള്ളത്. കുടുംബ പ്രേക്ഷകർക്കും കുട്ടികൾക്കും ഒന്നിച്ച് ആസ്വദിക്കാൻ കഴിയാവുന്ന തരത്തിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഡിസംബർ 22നാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്.