വൈപ്പിന്‍: നായരമ്പലം പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ നെടുങ്ങാട് ഭാഗത്ത് ഫിഷറീസ് വകുപ്പ് പുനരധിവസിപ്പിച്ചിട്ടുള്ള ഒമ്പത് കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ള 11 വീട്ടുകാര്‍ക്ക് കുടിവെള്ളവും റോഡുമില്ല. ഇതില്‍ 9 വീട്ടുകാര്‍ക്കാകട്ടെ ഗാര്‍ഹിക കണക്ഷന് എടുക്കാന്‍ വീടിനു നമ്പറുമില്ല .
ഭൂമിയുടെ കരമടച്ച രസീതും മറ്റും കാണിച്ച് ഇവര്‍ വൈദ്യതി കണക്ഷനും മറ്റും തരപ്പെടുത്തിയെങ്കിലും വീടിനു നമ്പര്‍ ഇട്ടു കിട്ടാതെ വാട്ടര്‍ കണക്ഷന് നല്‍കില്ലെന്നാണ് വാട്ടര്‍ അഥോറിട്ടിയുടെ നിലപാടത്രേ. അതേ സമയം നമ്പര്‍ ഇട്ട് കിട്ടാന്‍ ഓഫീസുകള്‍ കയറി ഇറങ്ങിയിട്ടും സിആര്‍ഇസഡ് സോണ്‍ ആണെന്ന് പറഞ്ഞ് നിരസിക്കുകയാണത്രേ.
ഒരാളും സഹായത്തിനില്ല. ഇപ്പോള്‍ നാനൂറ് മീറ്റര്‍ ദൂരത്തുള്ള പൊതുടാപ്പില്‍ നിന്നാണ് ഇവര്‍ കുടിവെള്ളമെടുക്കുന്നത്. ഇവിടെയാകട്ടെ വെള്ളം വരവ് നേരവും കാലവും നോക്കിയാണ്. തിരക്കും അധികമാണ്. ഇതു കൂടാതെ വീടുകളിലേക്ക് പൊതുവായ വഴികള്‍ ഉണ്ടെങ്കിലും പഞ്ചായത്ത് വഴികള്‍ ഒരുക്കിത്തരാത്തതുകാരണം ചെളിക്കുണ്ടാണ്.
ഓഖി പുനരധിവാസത്തില്‍ പെടുത്തി ആറു മത്സ്യതൊഴിലാളി കുടുംബങ്ങളെ ഫിഷറീസ് വകുപ്പിന്റെ ഗ്രാന്റ് ഉപയോഗിച്ചാണ് ഇവിടെ പുനരധിവസിപ്പിച്ചത്. മറ്റ് മൂന്ന് വീട്ടുകാര്‍ക്ക് പട്ടികജാതിക്കാരുടെ ഫണ്ടാണ് തരപ്പെടുത്തിയത്.
പഞ്ചായത്തില്‍ പ്ലാന്‍ നല്കി അനുമതി ലഭിക്കാതെയാണ് ഇവര്‍ വീടുകള്‍ നിർമിച്ചത്. അനുമതിക്കായി സമര്‍പ്പിച്ച അപേക്ഷയില്‍ പഞ്ചായത്ത് നല്കുന്ന രസീത് നല്കിയാല് ഫണ്ട് റിലീസ് ചെയ്യാമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ച സാഹചര്യത്തിലാണ് അപ്രൂവല്‍ കിട്ടാതെ നിര്‍മാണം ആരംഭിച്ച് പൂര്‍ത്തീകരിച്ചതെന്നാണ് വീട്ടുകാര്‍ പറയുന്നത്.
തോട് അടുത്തുള്ളതിനാല്‍ സിആര്‍ഇസഡ് സോണില്‍ പെട്ടതിനാലാണ് ഇവര്‍ക്ക് നമ്പര്‍ നല്‍കാത്തതെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്. ഇക്കാര്യത്തില്‍ പഞ്ചായത്തിന്റെ പരിധിയിലല്ല കാര്യങ്ങള്‍ എന്നും അദേഹം അറിയിച്ചു.
മാത്രമല്ല പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനു പുതിയ ലൈന്‍ വലിക്കേണ്ടി വരും. പ്ലാന്‍ഫണ്ടില്‍ പെടുത്തിയുള്ള പദ്ധതിക്ക് ഇനി ഈ ഭരണസമിതിയുടെ ശേഷിക്കുന്ന കാലയളവില്‍ നടക്കില്ല. എങ്കിലും ഇതിനായി നടപടികള്‍ തുടങ്ങി വെക്കാമെന്ന് അദേഹം ഉറപ്പ് നല്കി.