വൈപ്പിന്‍: നായരമ്പലം പഞ്ചായത്തിലെ കുടിനീര്‍ക്ഷാമത്തിന്റെ പേരില്‍ വൈപ്പിനില്‍ സിപിഎം, കോണ്‍ഗ്രസ്, ബിജെപി രാഷ്ട്രീയം കൊഴുക്കുന്നു. ഒരു വശത്ത് സിപിഎം ഒറ്റക്ക് പോരാടുമ്പോള്‍ മറുവശത്തെ എതിരിടുന്നത് കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്നാണ്.
കുടിവെള്ളത്തിന്റെ പേരുപറഞ്ഞ് വാര്‍ഡിലെ ജനങ്ങളെ രണ്ട് ചേരികളാക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും ചെയ്യുന്നതെന്നാണ് സിപിഎം ലോക്കല്‍ കമ്മിറ്റിയുടെ ആരോപണം. മാത്രമല്ല ഈ അടുത്ത് കോടികള്‍ ചെലവഴിച്ച നിര്‍മിച്ച റോഡ് തകര്‍ക്കുന്നതിനും ഇവര്‍ ശ്രമം നടത്തുന്നുണ്ടെന്നും ആക്ഷേപം ഉന്നയിക്കുന്നു.
എംഎല്‍എയും ഗ്രാമപഞ്ചായത്തും നടത്തിക്കൊണ്ടിരിക്കുന്ന വികസനപ്രവര്‍ത്തനങ്ങളെ മോശമായ രീതിയില്‍ ചിത്രീകരിച്ച് കാണിക്കുന്നതിനുള്ള ഗൂഢ നീക്കങ്ങളും കോണ്‍ഗ്രസ് ബിജെപി കൂട്ടുകെട്ട് നടത്തി വരുന്നതായി ലോക്കല്‍ സെക്രട്ടറി എ.കെ. ഉല്ലാസ് ആരോപിക്കുന്നു.
എംപി, എംഎല്‍എ, പഞ്ചായത്ത് അംഗങ്ങള്‍, എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് കുടിവെള്ള ലഭ്യത പരിശോധിച്ച് ഉറപ്പുവരുത്തിയതിനുശേഷവും വെള്ളം നിലച്ചെന്ന കോണ്‍ഗ്രസും ബിജെപിയും നടത്തിയ പ്രചരണം നുണയാണെന്നും ഇതിനു തെളിവായി സിപിഎം ചൂണ്ടിക്കാട്ടുന്നു.
അതേ സമയം ജനങ്ങള്‍ കുടിവെള്ളത്തിനായി പരക്കം പായുമ്പോള്‍ ഇതിനെതിരെയുള്ള സിപിഎമ്മിന്റെ സമീപനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കോണ്‍ഗ്രസ് നായരമ്പലം മണ്ഡലം കമ്മിറ്റി ആരോപിക്കുന്നു.
ആറു മാസക്കാലമായി നാല്, അഞ്ച് വാര്‍ഡുകളില്‍ കുടിവെള്ളലഭിക്കാതെ വന്നപ്പോള്‍ പഞ്ചായത്ത് പ്രസിഡന്റിനും എംഎല്‍എക്കും ഉദ്യോഗസ്ഥര്‍ക്കും പരാതികള്‍ കൊടുത്തിട്ടും ജലക്ഷാമം തീര്‍ക്കുവാന്‍ യാതൊരുവിധ നടപടിയും ഉണ്ടായില്ല.
ഇതേ തുടര്‍ന്നാണ് നാട്ടുകാര്‍ സമരവുമായി സംസ്ഥാനപാതയിലും എംഎല്‍എ ആഫീസിനു മുന്നിലുമെത്തിയത്. അധികൃതര്‍ ഉറപ്പ് നല്‍കിയെങ്കിലും പാലിച്ചില്ല. പിറ്റേന്ന് കളക്ടറെ കണ്ട് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചതും ലൈനില്‍ സംയുക്ത പരിശോധനനടത്തിയതും.
അപ്പോഴും പരിശോധന സമയത്ത് കുടിവെള്ളമെത്തുകയും പിന്നീട് നിലക്കുകയും ചെയ്തു. സിപിഎമ്മിന്റെ രാഷ്ട്രീയ പോരാണ് മൂന്ന്, നാല് വാര്‍ഡുകളിലെ കുടിവെള്ളക്ഷാമത്തിനു കാരണമെന്നാണ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.വൈ. ദേവസിക്കുട്ടി ആരോപിക്കുന്നത്.
ഇതിനു മുമ്പ് മൂന്നാം വാര്‍ഡില്‍ കുടിനീര് ക്ഷാമം ഉണ്ടായപ്പോള്‍ രണ്ട് സ്ഥലങ്ങളില്‍ റോഡ് പൊളിച്ച് പൈപ്പ് പണിത് പഞ്ചായത്ത് പ്രശ്നത്തിനു പരിഹാരം കണ്ടിരുന്നു. ഇതെന്താ സിപിഎം ലോക്കല്‍ സെക്രട്ടറി കാണാതെ പോയതെന്ന് സമര സമിതി നേതാക്കളായ ജോയ്സി തോമസ്, ജോബി വര്‍ഗീസ് അഗസ്റ്റിന് മണ്ടോത്ത്, ലിയോ കുഞ്ഞച്ചന് എന്നിവര്‍ ചോദിക്കുന്നു.
സ്വകാര്യ ടെലഫോണ്‍ കമ്പനികള്‍ക്ക് ഏതു സമയത്തും റോഡ് പൊളിക്കാനുള്ള അനുമതി നല്കുന്ന അധികാരികള്‍ ഒരു മീറ്റര്‍ ഉള്‍റോഡ് പൊളിച്ച് കുടിവെള്ള ക്ഷാമത്തിനു പരിഹാരം കാണാന്‍ തയാറാകാതിരുന്നത് സിപിഎംമ്മിന്റെ രാഷ്ട്രീയ നിലപാട് മൂലമാണെന്ന് ജനം തിരിച്ചറിയണമെന്ന് വൈപ്പിന്‍ നിയോജകമണ്ഡലം പ്രസിഡന്റ് എംഎല് വേദരാജ്, ജില്ലാ കമ്മറ്റി അംഗം കെ.ആര്. കൈലാസന്, രജീഷ് പി.ടി. എന്നിവര്‍ വ്യക്തമാക്കി.