തെന്നിന്ത്യയിലെ വനിതാ സൂപ്പര്‍സ്റ്റാര്‍ ആരെന്ന ചോദ്യത്തിന് നയന്‍താര എന്ന ഒരൊറ്റ ഉത്തരമേ ഉണ്ടാവാനിടയുള്ളൂ. സാധാരണ നടിമാര്‍ അഭിമുഖങ്ങള്‍ നല്കാന് താല്പര്യം പ്രകടിപ്പിക്കുമ്പോള്‍ നയന്‍താര ഇതില്‍ നിന്നും വിഭിന്നയാണ്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ആദ്യമായി ഒരു അഭിമുഖം നല്‍കിയിരിക്കുകയാണ് താരം ഇപ്പോള്‍. വോഗ് മാഗസിനു വേണ്ടിയായിരുന്നു അത്.
വോഗ് ഇന്ത്യ മാഗസിന്റെ ഒക്ടോബര്‍ ലക്കത്തിലെ കവര്‍ ഗേളുമാണ് നയന്‍താര. മാഗസിനു വേണ്ടി കവര്‍ മോഡലാകുന്ന ആദ്യ തെന്നിന്ത്യന്‍ നടി കൂടിയാണ് നയന്‍സ്. മലയാളികളുടെ പ്രിയപ്പെട്ട ദുല്‍ഖര്‍ സല്‍മാനും തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബുവും നയന്താരയ്ക്കൊപ്പം കവര്‍ ഫോട്ടോയിലുണ്ട്. അഭിമുഖത്തില്‍ നയന്‍താര പറയുന്നതിങ്ങനെ…”ഞാന്‍ മുഖ്യകഥാപാത്രമായ സിനിമകളില്‍, എല്ലാ തീരുമാനങ്ങളും എന്റേതാണ്. ചില സമയങ്ങളില്‍, സംവിധായകര്‍ ഭര്ത്താക്കന്മാരെയോ കാമുകന്മാരെയോ ചുറ്റിപ്പറ്റിയുള്ള കഥകളുമായി വരും. അത് ആവശ്യമാണോയെന്ന് ഞാന്‍ ചോദിക്കാറുണ്ട്,” നയന്‍താര പറഞ്ഞു. ‘അറം’,’ കോലമാവു കോകില’ തുടങ്ങിയ നായികാകേന്ദ്രീകൃത സിനിമകള്‍ എല്ലാം തന്നെ വന്‍ഹിറ്റായിരുന്നു.
വിജയത്തില്‍ മതിമറക്കാറില്ലെന്നും നല്ലൊരു സിനിമ പ്രേക്ഷകര്‍ക്ക് നല്‍കാനാവുമോയെന്ന ഭയം എപ്പോഴുമുണ്ടെന്നും നയന്‍താര പറയുന്നു. ”എന്തുകൊണ്ടാണ് എല്ലായ്പ്പോഴും പുരുഷന്മാര്ക്കു മാത്രം അധികാരമുണ്ടായിരിക്കേണ്ടത്? പ്രശ്നമെന്തെന്നാല്‍ സ്ത്രീകള്‍ ഇപ്പോഴും കമാന്‍ഡിങ് റോളിലേക്ക് എത്തിയിട്ടില്ല. ഇതാണ് എനിക്ക് വേണ്ടത്, ഇതാണ് ഞാന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്നു പറയാന്‍ അവര്‍ക്ക് ഇപ്പോഴും കഴിയുന്നില്ല. നിങ്ങള്‍ പറയുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ ഞാന്‍ പറയുന്നതും കേള്‍ക്കണം.”നയന്‍താര പറയുന്നു.
താന്‍ സിനിമയില്‍ നിന്ന് ഇടക്കാലത്ത് ഇടവേളയെടുത്തതിനെക്കുറിച്ചും നയന്‍താര പറഞ്ഞു. ആ സമയത്ത് താന്‍ അഭിനയിച്ച സിനിമകളോ പാട്ടുകളോ കാണാറില്ലായിരുന്നെന്നും താരം പറയുന്നു.അഭിമുഖങ്ങള്‍ നല്‍കാത്തതിന്റെയും സിനിമാ പ്രൊമോഷനുകളില്‍ പങ്കെടുക്കാത്തതിന്റെയും കാരണവും നയന്‍താര വ്യക്തമാക്കി. താന്‍ എപ്പോഴും സ്വകാര്യത ഇഷ്ടപ്പെടുന്ന വ്യക്തിയാണെന്നും തന്നെ മാധ്യമങ്ങള്‍ പലപ്പോഴും തെറ്റായി വ്യാഖ്യാനിച്ചിട്ടുണ്ടെന്നും നയന്‍താര പറഞ്ഞു.