നിലമ്പൂർ: വേട്ടനായ്ക്കളേയും വന്യജീവികളുടെ ഇറച്ചിയും ഓണ്‍ലൈൻ വ്യാപാരം നടത്തിയിരുന്ന വേട്ടസംഘം പിടിയിൽ. വിദേശയിനം നായ്ക്കളെ വേട്ടയാടാൻ പരിശീലിപ്പിച്ചാണ് നായാട്ട് നടത്തിയിരുന്നത്.
വേട്ടനായ്ക്കൾ വന്യജീവികളെ കടിച്ചുകീറുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഈ ദൃശ്യങ്ങൾ പ്രചരിപ്പിച്ചായിരുന്നു ഓണ്‍ലൈൻ വ്യാപാരം. അകമ്പാടം നമ്പൂരിപ്പൊട്ടിയിൽ താമസിക്കുന്ന രാമത്തുപറമ്പിൽ ദേവദാസിനെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തു.
നേരത്തെ, നായാട്ടുസംഘത്തെ പിടികൂടിയ കേസിൽ പ്രതിയായ ദേവദാസ് നിലവിൽ റിമാൻഡിൽ കഴിയുന്നതിനിടയിലാണ് ഈ കേസിൽ ഒന്നാം പ്രതിയായി ചേർത്തത്. നമ്പൂരിപ്പൊട്ടി സ്വദേശി തൗഫീഫ് നഹ്മാൻ, അകമ്പാടം സ്വദേശി ഹാഫിസ് എന്നിവരും പിടിയിലായി. ഇവരും റിമാൻഡിലാണ്.
എടവണ്ണ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഇംറോസ് ഏലിയാസ് നവാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അകമ്പാടം ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ ഓപ്പറേഷൻ ദൃശ്യം’ എന്ന പേരിൽ നടത്തിയ രഹസ്യാന്വേഷണത്തിൽ ആണ് പ്രതികൾ പിടിയിലായത്.
പല വിവരങ്ങളും രഹസ്യമാക്കി വച്ചത് മൂലം 2019 ഡിസംബർ മുതൽ ഇത്തരം കുറ്റകൃത്യങ്ങൾ നടത്തിയ വീഡിയോ ദൃശ്യങ്ങൾ വരെ അന്വേഷണ ഉദ്യേഗസ്ഥർക്ക് കണ്ടെത്തുവാൻ സാധിച്ചിട്ടുണ്ട്.
അമേരിക്കൻ ബുൾഡോഗ്, ബുള്ളി, ഡോബർമാൻ, ലാബ്രഡോർ തുടങ്ങിയ വിഭാഗങ്ങളിൽപ്പെട്ട നായ്ക്കളെ ഉപയോഗിച്ചായിരുന്നു വേട്ട. ഇത്തരം നായ്ക്കളെ ബ്രീഡ് ചെയ്ത് അവയുടെ കുഞ്ഞുങ്ങളെ വൻ തുകയ്ക്ക് ഓൺലൈനിലൂടെ വിൽക്കുകയും ചെയ്യും.
വനം-വന്യജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പെടുക്കുന്ന ആദ്യ സൈബർകേസാണിത്. വൈൽഡ് ലൈഫ് ഫോറൻസിക് ലാബറട്ടറിക്ക് പുറമേ കേരള പോലീസ് അക്കാഡമിയിലെ ഫോറൻസിക് വിഭാഗത്തിന്റെ സേവനം കൂടി ആവശ്യപ്പെട്ട വന്യജീവി കുറ്റകൃത്യമാണ് എന്ന പ്രത്യേകത കൂടി ഈ കേസിനുണ്ട്.
ചീഫ് വൈൽഡ് ലൈഫ് വാർഡൻ മുഖാന്തിരം പോലീസ് സൈബർ സെല്ലിന്റെ സേവനം കൂടി അന്വേഷണ സംഘത്തിന് ലഭ്യമാക്കാനുള്ള നടപടികൾ നിലമ്പൂർ നോർത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ സ്വീകരിച്ചിട്ടുണ്ട്.
നിലമ്പൂർ മേഖലയിലെ എല്ലാ നായാട്ടുസംഘങ്ങളെയും തെളിവുകൾ അടക്കം പിടികൂടാൻ ഈ കേസ് മൂലം കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. ആയുധങ്ങൾ കൈവശം വെച്ച് നായാട്ട് നടത്തുന്നവരെ കണ്ടെത്താനുള്ള അന്വേഷണം നിലമ്പൂർ പോലീസും തുടങ്ങി വെച്ചിട്ടുണ്ട്.