തൊടുപുഴ: ഉടുമ്പന്നൂര്‍ വെണ്ണിയാനിയില്‍ നായാട്ടിനു പോയ സംഘത്തിലെ രണ്ട് പേര്‍ക്ക് വെടിയേറ്റു. ഇന്നു പുലര്‍ച്ചെ നാലോടെയായിരുന്നു സംഭവം. നാടന്‍ തോക്കില്‍ നിന്നാണ് വെടിയേറ്റത്.
വെടിയേറ്റവര്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വെണ്ണിയാനി സ്വദേശികളായ മനോജ് (30) മുകേഷ് (32 )എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
സുഹൃത്തുക്കളും ബന്ധുക്കളുമടങ്ങുന്ന അഞ്ചംഗ സംഘമാണ് ഇന്നു രാവിലെ നായാട്ടിനായി പോയത്.നായാട്ടിനിടെ അബദ്ധത്തില്‍ വെടിയേറ്റതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
മീന്‍ പിടിക്കാന്‍ പോയതാണെന്നാണ് ആശുപത്രിയില്‍ കഴിയുന്നവര്‍ പോലീസിനോട് പറഞ്ഞത്. ഇവര്ക്കൊപ്പമുണ്ടായിരുന്നവര്ക്കായി കരിമണ്ണൂര്‍ സിഐ കെ.ഷിജിയുടെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.