റിയാസ് കുട്ടമശേരി
പോലീസുകാർ പ്രതിസ്ഥാനത്തു വരികയും രാഷ്ട്രീയക്കാർ അതേറ്റെടുക്കുകയും ചെയ്യുന്ന സംഭവബഹുലമായ ത്രില്ലർ സിനിമയാണ് നായാട്ട്.
കഥാപാത്രങ്ങളുടെ അഭിനവ മികവും തിരക്കഥയുടെ തിളക്കവും സംവിധാന വൈഭവവുംക്കൊണ്ടും ഗംഭീര ചലച്ചിത്രാവിക്ഷ്കാരം.
എന്നാൽ, ഇതിന്റെ കഥക്കും കഥാപാത്രങ്ങൾക്കും ജീവിച്ചിരിക്കുന്ന നാലു പോലീസുകാരുടെ പച്ചയായ ജീവിതവുമായി സാദൃശ്യമുണ്ടെങ്കിൽ അത് തികച്ചും യാദൃശ്ചികമല്ല.
മറിച്ച് കേരള പോലീസിൽ ഇന്നും കുറ്റവിചാരണ നേരിടുന്ന ഒരു സംഭവ കഥ തന്നെയാണ്…
ഇത് സിനിമാ കഥ…
ഔദ്യോഗിക ജീവിതയാത്രയ്ക്കിടയിൽ നിനച്ചിരിക്കാതെ മൂന്ന് പോലീസുകാർക്കിടയിൽ സംഭവിച്ചു പോകുന്ന ഒരു ദുരന്തത്തിന്റെ നേർക്കാഴ്ച്ചയാണ് നായാട്ടെന്ന സിനിമ ചർച്ച ചെയ്യുന്നത്.
കോവിഡ് കാലത്ത് തിയറ്ററുകൾക്ക് പൂട്ട് വീണെങ്കിലും സിനിമ സോഷ്യൽ മീഡിയകളിലൂടെ നാടാകെ പടരുകയാണ്.നല്ല സിനിമയെന്ന് ആസ്വാദകർ കൈയടിച്ചു വരവേൽക്കുന്നു.
സാധാരണ പോലീസുകാരുടെ ജീവിതം വളരെ റിയലിസ്റ്റിക്കായി കണ്ട് ചിത്രമൊരുക്കാൻ സംവിധായകൻ മാർട്ടിൻ പ്രക്കാട്ടിന് കഴിഞ്ഞു. സഹജീവികളുടെ നൊമ്പരങ്ങൾ തിരിച്ചറിഞ്ഞ കോട്ടയം എ ആർ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനായ ഷാഹിയെന്ന തിരക്കഥാകൃത്തിന്റെ തൂലികയുടെ തീക്ഷ്ണത ഒരിക്കൽ കൂടി തിരിച്ചറിഞ്ഞ ചലച്ചിത്രകാവ്യം.
മനഃപൂർവ്വമല്ലാത്ത ഒരു അപകട മരണത്തിന്റെ പേരിൽ സമൂഹം കൊലയാളികളെന്ന് വിളിപ്പേര് ചാർത്തിയ മൂന്നു പോലീസുകാരുടെ നിസഹായത ഫലിപ്പിക്കുന്നത്തിൽ മലയാളികളുടെ ഇഷ്ടതാരങ്ങളായ കുഞ്ചാക്കോയും ജോജുവും നിമിഷയും മത്സരിച്ചഭിനയിച്ചു.
തെറ്റുകാരല്ലാതിരിന്നിട്ടും രാഷ്ട്രീയ – മേലുദ്യോഗസ്ഥ അധികാരത്തിന്റെ നോക്കും വാക്കും പാവപ്പെട്ട പോലീസുകാർക്കു നേരേ തന്നെയായിരുന്നുവെന്ന് സമൂഹത്തെ ബോധിപ്പിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.
ഇനി സിനിമയിലല്ല…
2011 മാർച്ച് 31. അന്ന് എറണാകുളം റൂറൽ ജില്ലാ പോലീസിന്റെ പരിധിയിലെ മുളന്തുരുത്തി സ്റ്റേഷനിൽ പ്രമാദമായ ഒരു കേസ് രജിസ്റ്റർ ചെയ്തു.ഈ സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നതിനു സമാനമായ ഒരു വാഹന അപകടം.രാത്രി എട്ടു മണിയോടെ സംഭവിച്ച ആ ദുരത്തിൽ രണ്ടു വിദ്യാർഥികളുടെ ജീവനാണ് അന്ന് പൊലിഞ്ഞത്.
സൈക്കളിൽ വന്ന കുട്ടികളെ എതിരേ നിന്നു വന്ന സ്വകാര്യ കാർ ഇടിക്കുകയായിരുന്നു. സംഭവത്തിൽ മുളന്തുരുത്തി സ്വദേശികളായ ശ്രീജിത്ത് (14),അമൽ കെ.മണി(13) എന്നിവരാണ് മരിച്ചത്.
കുട്ടികളുടെ മരണം നാട്ടിൽ വൻ പ്രക്ഷോഭങ്ങൾക്ക് വഴിയൊരുക്കി. പതിനൊന്നാം പക്കം കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പു നടക്കുന്നതിനാൽ സംഭവം പോലീസിന്റെ നായാട്ടായി പ്രതിപക്ഷമേറ്റെടുത്തു. ആരോപണം നേരിടാനാകാതെ ഭരണപക്ഷം കുഴഞ്ഞു. പ്രമുഖ സമുദായ സംഘടന സമര രംഗത്തിറങ്ങി.
പോലീസിലെ ഉന്നത ഉദ്യോഗസ്ഥർ പ്രതിസന്ധിയിലായി. ഇതിനിടയിൽ അപകടം വരുത്തിയ കാറിലെ യാത്രക്കാരെ തിരിച്ചറിഞ്ഞു. വാഹനത്തിലുണ്ടായിരുന്നവർ പിറവം സ്റ്റേഷനിലെ നാലു പോലീസുകാരാണെന്നറിഞ്ഞതോടെ ജനരോഷം ആളിക്കത്തി.
അന്നത്തെ എറണാകുളം റേഞ്ച് ഐജി ആർ.ശ്രീലേഖ ഓടിയെത്തി കുറ്റക്കാരായ പോലീസുകാരെ സസ്പെൻഡ് ചെയ്ത് രംഗം ശാന്തമാക്കാൻ ശ്രമിച്ചു.
എന്നാൽ, പോലീസുകാരുടെ അറസ്റ്റിൽ കുറഞ്ഞ യാതൊരു ഒത്തുത്തീർപ്പിനും നാട്ടുകാർ കൂട്ടാക്കിയില്ല. ഒടുവിൽ, സമരക്കാർക്കു വഴങ്ങി അഞ്ച് പേരെ പ്രതികളാക്കി മുളന്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ദുരന്തം വന്ന വഴി..
സിനിമയിലേതെന്ന പോലെ, സംഭവദിവസം രാത്രി വിരമിച്ച പിറവം എസ് ഐയുടെ വീട്ടിലെ യാത്രയപ്പ് സൽക്കാരം കഴിഞ്ഞു ടാക്സി കാറിൽ മടങ്ങുകയായിരുന്നു സ്റ്റേഷനിലെ നാലു പോലീസുകാർ.
കോൺസ്റ്റബിൾമാരായ സോജൻ, ആർ.വിജയൻ, അജിത്കുമാർ, കോൺസ്റ്റബിൾ സ്റ്റാൻലി സേവ്യർ, ടാക്സി ഡ്രൈവർ ഷൈൻ രാജ് എന്നിവരടങ്ങിയതായിരുന്നു സംഘം.മുളന്തുരുത്തി വെട്ടിക്കൽ എന്ന സ്ഥലത്തിനു സമീപം വച്ച് ഇവർ സഞ്ചരിച്ച കാറാണ് കുട്ടികളുടെ സൈക്കിളിൽ ഇടിച്ചത്.
റോഡിൽ തെറിച്ചുവീണ കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ മഫ്ത്തിയിലുള്ള ഈ പോലീസുകാർ അതുവഴി കടന്നു പോയ വാഹനങ്ങൾക്ക് കൈകാണിച്ചെങ്കിലും ആരും സഹായിക്കാൻ കൂട്ടാക്കിയില്ലെന്നു പറയുന്നു.
ഈ സമയമാണ് യാത്രയപ്പിൽ പങ്കെടുത്ത ശേഷം മുളന്തുരുത്തി സ്റ്റേഷനിലെ പോലീസ് അതുവഴി കടന്നു വന്നത്. അവർ ഉടനെ പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിച്ചു. പക്ഷെ, ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല.
ഇലക്ഷൻ ചൂടിൽ കേസ് കത്തിക്കയറി
കുട്ടികളുടെ മരണത്തിൽ നാടാകെയിളകി മറിഞ്ഞു.ഇലക്ഷൻ ബഹിഷ്ക്കരണമടക്കമുള്ള സമരായുധങ്ങളുമായി ജനം തെരുവിലിറങ്ങി.
റൂറൽ എസ്പി വിക്രം ഐപിഎസിന്റെ നേതൃത്വത്തിൽ ഉന്നത പോലീസ് സംഘം പിറവത്ത് ക്യാമ്പ് ചെയ്ത് സ്ഥിതിഗതികൾ ശാന്തമാക്കാൻ അശ്രാന്ത പരിശ്രമം നടത്തി. പോലീസിന്റെയും സർക്കാരിന്റെയും മുഖം രക്ഷിക്കാനുള്ള മാരത്തോൺ ചർച്ചകളൊന്നും പ്രതിഷേധത്തിനു മുന്നിൽ ഫലം കണ്ടില്ല.
അന്വേഷണത്തിനിടയിൽ അപകടമുണ്ടാക്കിയ കാറുമായി ഡ്രൈവർ ഷൈൻ രാജ് പോലീസിൽ കീഴടങ്ങി. പ്രതിചേർത്ത നാലു പോലീസുകാരും ഇതിനകം ജില്ല വിട്ടിരുന്നു.
ഹൈക്കോടതിയിൽ നിന്നും അറസ്റ്റ് തടഞ്ഞു കൊണ്ടുള്ള താൽക്കാലിക ഉത്തരവു നേടി അവർ തിരികെ നാട്ടിലെത്തി.എന്നാൽ, അറസ്റ്റ് ഒഴിവാക്കാൻ കഴിയില്ലായെന്ന ഉദ്യോഗസ്ഥ തീരുമാനത്തിലെ അപകടം മണത്ത പോലീസുകാർ മാസങ്ങളോളം കേരളത്തിനു പുറത്ത് ഒളിവിൽ കഴിഞ്ഞു.
സിനിമക്ക് സമാനമായ ഒളിജീവിതം
ത്രസിപ്പിക്കുന്ന സംഭവങ്ങളിലൂടെയാണ് നായാട്ടിൽ സംവിധായകൻ പോലീസുകാരുടെ ഒളിവുകാല ജീവിതം അഭ്രപാളിയിലേക്ക് പകർത്തിയിരിക്കുന്നത്.
സമാനമായ പൊള്ളുന്ന ജീവിതാനുഭവം തന്നെയാണ് ഒളിവു കാലത്ത് തങ്ങളും സഹിച്ചതെന്ന് കുറ്റാരോപിതരായ പോലീസുകാരും സമ്മതിക്കുന്നു.
നിരപരാധിത്വം തെളിയിക്കാൻ സ്വന്തം ജീവിതം തന്നെ അവസാനിപ്പിക്കാൻ അവരിൽ ചിലർ ശ്രമിച്ചു.സിനിമയിലത് ജോജുവിന്റെ കഥാപാത്രമായ മണിയെന്ന പോലീസുകാരന്റെ ആത്മഹത്യാ ശ്രമത്തിലാണ് കലാശിച്ചതെങ്കിൽ ഇവിടെ സഹപ്രവർത്തകരുടെ യഥാസമയത്തെ ഇടപെടലിലൂടെ ദുരന്തം ഒഴിഞ്ഞു പോകുകയായിരുന്നു.
സിനിമ നൽകുന്ന കൈയടി
അപ്രിയമാണെങ്കിലും രണ്ടിടത്തും സംഭവിക്കുന്ന രംഗങ്ങളിൽ പലപ്പോഴും സാമ്യതയുണ്ട്.കുറ്റാരോപിതരായ പോലീസുകാരുടെ ഭാഗം പോലും കേൾക്കാൻ അവസരം നൽകാതെ സമൂഹത്തോടൊപ്പം സേനയിലെ ചിലരും എതിരാകുന്നു.
സഹായിക്കാനൊരുങ്ങുന്നവർക്കെതിരെ ഉന്നതരുടെ ഭീഷണി മുഴങ്ങുമ്പോൾ പലർക്കും പകച്ചു നിൽക്കാനേആവുന്നുള്ളൂ.എന്നാൽ, രക്ഷപ്പെടാൻ വഴിയൊരുക്കുന്ന സഹപ്രവർത്തകനായ പോലീസുകാരന് സിനിമ നൽകുന്ന കൈയടി സത്യത്തിലേക്കുള്ള നേരിയ പ്രതീക്ഷയാണ് നൽകുന്നത്.
ഇനി വിധി പറയട്ടെ…
ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം 304 എ, 279 കൂടാതെ മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിക്കലടക്കമുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയിരുന്നത്.കേസിൽ ഹൈക്കോടതി പ്രതികളായ പോലീസുകാർക്ക് ജാമ്യം നിഷേധിച്ചു.
പോലീസ് വേട്ട ഭയന്ന് നാലു പോലീസുകാരും മാസങ്ങളോളം ഒളിവിൽ പോയി. ഒടുവിൽ സുപ്രിം കോടതി പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകുകയായിരുന്നു.
കേസ് പരിശോധിച്ച സുപ്രിം കോടതി പ്രൊസിക്യൂഷന്റെ പല വാദങ്ങളും തള്ളിക്കളയുകയും പോലീസുകാർക്കനുകൂലമായ ചില നിലപാടുകൾ സ്വീകരിക്കുകയും ചെയ്തു.
തുടർന്ന് 2012-ൽ നാലു പോലീസുകാരെയും സർവീസിൽ ഉപാധികളോടെ തിരിച്ചെടുത്തു.എസ്ഐ, എഎസ്ഐമാരായി അവരിന്ന് എറണാകുളം ജില്ലയ്ക്ക് പുറത്തുള്ള വിവിധ സ്റ്റേഷനുകളിൽ ജോലി ചെയ്തു വരുന്നു.
ഇതിനിടയിൽ സെഷൻസ് കോടതിയിൽ കേസിന്റെ വിചാരണ തുടരുകയാണ്.വാഹന അപകട കേസുകളിൽ മരണമടക്കം സംഭവിച്ചാൽ ഡ്രൈവറോടൊപ്പം യാത്രക്കാരെ പ്രതിചേർക്കുന്നതിന്റെ നിയമ സാധ്യതയാണ് പ്രതികളായ പോലീസുകാർ കോടതികളിൽ ചോദ്യം ചെയ്തത്.
കൂടാതെ, മരിച്ച കുട്ടികൾ ദളിത് സമുദായത്തിൽപ്പെട്ടവരായതിനാൽ പ്രതികൾക്കെതിരേ ചുമത്തിയ ദളിത് പീഡനമെന്ന വകുപ്പും പിന്നീട് നിയമ സാധുതയില്ലെന്ന് കണ്ടെത്തുകയായിരുന്നു. കേസ് ഇപ്പോൾ എറണാകുളം അതിവേഗ കോടതിയിൽ വിചാരണ തുടരുകയാണ്.
പത്തു വർഷങ്ങൾക്ക് ശേഷം..
പിന്നീടും പിറവത്ത് പല ഇലക്ഷനുകളും നടന്നു. ജയിക്കേണ്ടവർ ജയിച്ചു. കേരള ഭരണം മാറി മാറി വന്നു. പക്ഷെ, ആ നാലു പോലീസുകാരിന്നും കുറ്റമോചിതരായിട്ടില്ല.
വിചാരണ നേരിടുമ്പോഴും അവർ പോലീസ് സേനയ്ക്ക് വേണ്ടി ഇപ്പോഴും പണിയെടുക്കുന്നു. മനഃപൂർവമല്ലാത്ത നരഹത്യയായി രജിസ്റ്റർ ചെയ്യേണ്ട കേസിൽ ആർക്കായിരുന്നു തങ്ങളെ പ്രതിയാക്കണമെന്ന് ഇത്ര വാശിയെന്ന ചോദ്യത്തിന് സ്വയം ഉത്തരം തേടുകയാണ് ഇന്നും അവർ.
സിനിമയുടെ തിരക്കഥ പോലെ അവരുടെ സർവീസ് ജീവിതവും അവസാന റോളിൽ ഓടിക്കൊണ്ടിരിക്കുന്നു. പിറവത്തെ സംഭവമാണ് നായാട്ടെന്ന സിനിമയെ ചലിപ്പിക്കുന്നതിനു പിന്നിലെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കുമ്പോൾ, സിനിമയിലും ജീവിതത്തിലും ചിലരെയെങ്കിലും വീണ്ടും ഓർമിപ്പിക്കുകയാണ് “ഓവർ.. ഓവർ..33 പിറവം സ്റ്റേഷൻ’ എന്ന വയർലെസ് സെറ്റിലെ വിളികൾ…