വയനാട്: വനപാലകരെ ആക്രമിച്ച് പുള്ളിമാന്റെ ഇറച്ചിയുമായി കടന്ന് നായാട്ടുസംഘം. വയനാട് പേരിയയിലാണ് സംഭവം.പുള്ളിമാന്റെ ഇറച്ചിയുമായി എത്തിയ വാഹനം വനപാലകർ തടഞ്ഞിരുന്നു. എന്നാൽ സംഘം വനപാലകരെ വാഹനം കൊണ്ട് ഇടിച്ചിട്ട ശേഷം കടന്നുകളയുകയായിരുന്നു.
ബൈക്കിൽ പിന്തുടർന്ന് വനപാലകർ തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സംഭവത്തിൽ രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.
തുടർന്ന് നടത്തിയ തിരച്ചിലിൽ പേരിയ ചന്ദനത്തോട് ഭാഗത്ത് നിന്ന് പുള്ളിമാന്റെ ജഡാവശിഷ്ടങ്ങൾ കണ്ടെത്തി.വെടിവെച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു മാനിന്റെ അവശിഷ്ടങ്ങൾ ലഭിച്ചത്. സംഭവത്തിൽ പോലീസും വനം വകുപ്പും കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.