സ്വന്തം ലേഖകൻ
മുളങ്കുന്നത്തുകാവ്: കണ്ടാൽ നല്ല ഒന്നാന്തരം ആക്രിക്കട..പക്ഷെ ഇതൊരു മെഡിക്കൽ ഷോപ്പാണ്. മെഡിക്കൽ കോളജിലെ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ന്യായവില മെഡിക്കൽ ഷോപ്പിലേക്ക് മരുന്നുവാങ്ങാനെത്തുന്നവർ ന്യായമായും സംശയിക്കുക ഇത് മെഡിക്കൽ ഷോപ്പോ ആക്രിക്കടയോ എന്നാണ്. മെഡിക്കൽ ഷോപ്പിലെ ഒഴിഞ്ഞ പെട്ടികളും മറ്റും കൂട്ടിയിട്ടിരിക്കുന്നതിനാൽ മെഡിക്കൽ ഷോപ്പിലെ കൗണ്ടറിലേക്ക് മരുന്നുവാങ്ങാൻ ആളുകൾക്ക് എത്താൻ പറ്റാത്ത സ്ഥിതിയാണ്.
തൻമൂലം സമീപത്തെ മെഡിക്കൽ ഷോപ്പുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ് രോഗികൾക്ക്.ആശുപത്രി വികസന സമിതിയുടെ ഉടമസ്ഥതയിലടക്കം ആറ് മെഡിക്കൽ ഷോപ്പുകളാണ് ഈ ന്യായവില മെഡിക്കൽ ഷോപ്പ് പ്രവർത്തിക്കുന്ന കെട്ടിടസമുച്ചയത്തിലുള്ളത്. സമീപത്തെ മറ്റു മെഡിക്കൽ ഷോപ്പുകളെല്ലാം ലാഭത്തിലായിരിക്കെ ന്യായവില ഷോപ്പുമാത്രം നഷ്ടത്തിലാണെന്നാണ് കണക്കുകൾ.
അനാവശ്യ ചിലവുകളും അവഗണനാമനോഭാവവുമാണ് ന്യായവില ഷോപ്പിന്റെ പ്രവർത്തനം പിന്നോട്ടുപോകാൻ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഡോക്ടർമാരുടെ മരുന്നുകുറിപ്പടിയുമായി പാവപ്പെട്ട രോഗികളും കൂട്ടിരിപ്പുകാരും ആദ്യമെത്തുന്നത് ന്യായവില മെഡിക്കൽ ഷോപ്പിലാണ്. എന്നാൽ മിക്ക മരുന്നുകളും ഇവിടെ ലഭ്യമല്ലെന്നതാണ് മറ്റൊരു കാര്യം.
മരുന്നുകടയുടെ മുന്നിൽ കൂട്ടിയിട്ടിരിക്കുന്ന ആക്രിസാധനങ്ങളിൽ കയറിക്കിടക്കുന്ന തെരുവുനായ്ക്കളെ ഭയന്ന് പലരും ഇവിടേക്കിപ്പോൾ വരുന്നതുമില്ല. തുടക്കത്തിൽ വൻലാഭത്തിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം ഇപ്പോൾ അടച്ചുപൂട്ടേണ്ട സ്ഥിതിയിലേക്കാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇവിടെ ജോലിക്കായി ഉണ്ടായിരുന്നവരെ കട നഷ്ടത്തിലായതിനെ തുടർന്ന് പിന്നീട് ആശുപത്രി ഒപികളിലേക്ക് മാറ്റി നിയമിച്ചു.