രാജാക്കാട്: നായാട്ടിനിടെ വെടിയേറ്റു മരിച്ച ആദിവാസി യുവാവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി.
ഇരുപതേക്കർ കുടിയിൽ ഭാഗ്യരാജിന്റെ മകൻ മഹേന്ദ്രൻ (24) ആണ് മരിച്ചത്. പ്രതികൾ പോലീസ് പിടിയിലായി.
ഇരുപതേക്കർ സ്വദേശികളായ കളപ്പുരയിൽ സാംജി, ജോമി, പോതമേട് സ്വദേശി മുത്തയ്യ എന്നിവരാണ് പോലീസിന്റെ കസ്റ്റഡിയിൽ ഉള്ളത്.
പോതമേട് ഒറ്റമരം റോഡിലെ ഗസ്റ്റ് ഹൗസിനു സമീപമുള്ള എറണാകുളം സ്വദേശിയുടെ ഏലക്കാടിനുള്ളിൽനിന്നാണ് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്.
14 ദിവസങ്ങളായിട്ടു മഹേന്ദ്രനെ കാണാനില്ലായിരുന്നു. പത്തു ദിവസം മുന്പ് ഇതു സംബന്ധിച്ചു മഹേന്ദ്രന്റെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. രാജാക്കാട് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
പോലീസ് കസ്റ്റഡിയിലായ സാംജിയും സംഘവും തെരച്ചിൽ നടത്താനും പോലീസിനോടൊപ്പമുണ്ടായിരുന്നു.
ഇതിനിടെ, മഹേന്ദ്രനെ കാണാതായ ദിവസം സാംജിയും ജോമിയും മഹേന്ദ്രനും ഓട്ടോറിക്ഷയിൽ ഒരുമിച്ചു വന്നിറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചു.
അബദ്ധത്തിലെന്നു മൊഴി
ഒരുമിച്ചു നായാട്ടിനു പോയ നാൽവർസംഘം ഉപ്പളയ്ക്കു താഴെഭാഗത്തു വേട്ടമൃഗത്തെ അന്വേഷിച്ചു നടക്കുന്നതിനിടയിലാണ് വെടിയേറ്റത്.
മഹേന്ദ്രൻ കുറെ ദൂരെ നിൽക്കുകയായിരുന്നെന്നും മഴക്കോട്ടിട്ട മഹേന്ദ്രനെ പെട്ടെന്നു തിരിച്ചറിഞ്ഞില്ലെന്നുമാണ് കസ്റ്റഡിയിലായവർ പറഞ്ഞത്.
മഹേന്ദ്രന്റെ കോട്ടിന്റെ ബട്ടൻസ് ടോർച്ച് വെളിച്ചത്തിൽ തിളങ്ങിയപ്പോൾ കാട്ടു മൃഗത്തിന്റെ കണ്ണാണെന്നു തെറ്റിദ്ധരിച്ച് വെടിവച്ചെന്നാണ് ഇവരുടെ മൊഴി.
പുറത്തറിയാതിരിക്കാൻ മൃതദേഹം ഇവർതന്നെ കുഴിച്ചിടുകയായിരുന്നു. മൃതദേഹം കുഴിച്ചെടുത്തു നടപടി പൂർത്തിയാക്കി വരുന്നതേയുള്ളുവെന്നും പോസ്റ്റ്മോർട്ടത്തിനു ശേഷമെ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുകയുള്ളുവെന്നും പോലീസ് പറഞ്ഞു. ഭവാനിയാണ് മഹേന്ദ്രന്റെ മാതാവ്. സഹോദരങ്ങൾ: സ്നേഹ, പരേതനായ ബാലചന്ദ്രൻ.