ഇരിട്ടി: പേരുപോലെ തന്നെ ജനങ്ങളുടെ നേരം പോക്കുകയാണ് ഇരിട്ടിയിലെ ഏറ്റവും പ്രധാന റോഡായ നേരംപോക്ക് റോഡ്. എപ്പോഴും തിരക്കേറിയതും ഗതാഗതക്കുരുക്ക് തീര്‍ക്കുന്നതുമായ വീതികുറഞ്ഞ ഈ റോഡിലൂടെ കാല്‍നട യാത്രപോലും പലപ്പോഴും സാധ്യമല്ല. അഗ്നിരക്ഷാ നിലയം, സ്റ്റേറ്റ് വെയര്‍ഹൌസ്, സബ് ട്രഷറി, താലൂക്ക് സപ്ലൈ ഓഫീസ്, ജോയിന്റ് ആര്‍ടി ഓഫീസ്, ലേബര്‍ ഓഫീസ് തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഈ റോഡിലാണ് സ്ഥിതിചെയ്യുന്നത്. ഇരിട്ടി താലൂക്ക് ആശുപത്രിയിലേക്ക് കടന്നു പോകേണ്ട പ്രധാന റോഡും ഇത് തന്നെ.
കൂടാതെ മലബാര്‍ ഹോസ്പിറ്റല്‍, മൂന്ന് സഹകരണ സംഘങ്ങള്‍ എന്നിവയും ഈ റോഡില്‍ പ്രവര്‍ത്തിക്കുന്നു.ഇരിട്ടി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എത്തിച്ചേരേണ്ട പ്രധാന പാതയും ഇതുതന്നെ. രണ്ടായിരത്തിലേറെ വിദ്യാര്‍ഥികള്‍ പഠനം നടത്തുന്ന സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ പ്രഗതി വിദ്യാനികേതന്‍ , പ്രഗതി കരിയര്‍ ഗൈഡന്‍സ് തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് എത്താനുള്ള വഴിയും നേരംപോക്കുവഴി ത്ന്നെ.പ്രവൃത്തി ദിനങ്ങളില്‍ രാവിലെ എട്ടോടെ ആരംഭിക്കുന്ന ഗതാഗതതടസം പത്തുവരെ തുടരും.
വൈകുന്നേരവും മൂന്നു കഴിഞ്ഞാല്‍ തുടങ്ങുന്ന ഗതാഗതക്കുരുക്ക് അഞ്ചുവരെ നീളും. വിദ്യാര്‍ഥികള്‍ തിങ്ങി നിറയുന്ന ഈ അവസരങ്ങളില്‍ കാൽനടയാത്രപോലും ദുഷ്കരം. ഇരിട്ടി ടൗണില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ കുന്നിന് മുകളില്‍ കിടക്കുന്ന താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്ക് വാഹനമില്ലാതെ എത്തുക ആയാസകരമാണ്. നിത്യവും എഴുന്നൂറ് മുതല്‍ ആയിരം വരെ രോഗികള്‍ എത്തുന്ന ആശുപത്രിയില്‍ ഇത്രയും രോഗികള്‍ എത്താന്‍ ഓട്ടോറിക്ഷകളുടെയും മറ്റു ചെറു വാഹനങ്ങളുടെയും സഹായം തേടുകയാണ് പതിവ്.
ഇതില്‍ എണ്‍പത് ശതമാനവും കടന്നുപോകുന്നത് നേരംപോക്ക് റോഡ് വഴിയാണ്. ഇരിട്ടി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അടക്കം മേഖലയിലെ നിരവധി സ്കൂള്‍ ബസുകള്‍ കൂടി റോഡിലൂടെ കടന്നു പോകുമ്പോള്‍ ഉണ്ടാകുന്ന ദുരിതം പറഞ്ഞറിയിക്കാനാകുന്നില്ല. ഇരിട്ടി മേഖലയില്‍ ഉണ്ടാകുന്ന അത്യാഹിതങ്ങളുടെയും അപകടങ്ങളുടെയും വിളി ഇരിട്ടി അഗ്നിരക്ഷാ സേനയില്‍ എത്തിയാല്‍ പിന്നെ പറഞ്ഞറിയിക്കേണ്ട കാര്യമില്ല.
പലപ്പോഴും ഇവരുടെ വാഹനം കടന്നു പോകുന്നത് ഏറെ സാഹസപ്പെട്ടാണ്. താലൂക്ക് ആശുപത്രിയില്‍ ഒരു ആംബുലന്‍സ് എത്തണമെങ്കില്‍ നിരവധി കടമ്പകള്‍ കടക്കണം. നേരംപോക്ക് റോഡില്‍ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് മിക്കപ്പോഴും തലശേരി-മൈസൂരു പാതയിലെ ഗതാഗതത്തെയും ബാധിക്കുന്നു. തലശേരി -വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായി ഇരിട്ടി ടൗണിലെ റോഡ് വികസന പ്രവൃത്തികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ടൗണ്‍ റോഡ് വികസിച്ചാലും തിരക്കിലമരുന്ന നേരംപോക്ക് റോഡ് വികസിപ്പിച്ചില്ലെങ്കില്‍ ഇരിട്ടി നഗരത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവില്ല.