കാട്ടാക്കട: കനത്ത ജലപ്രവാഹത്തെ തുടർന്ന് ഇന്നലെ തുറന്ന നെയ്യാർ അണക്കെട്ടിന്റെ ഷട്ടറുകൾ അധികമായി ഉയർത്തി. ഇന്നലെ 10 ഇഞ്ചായി ഉയർത്തിയിരുന്ന ഷട്ടറുകൾ ഇന്ന് 12 ഇഞ്ചായി ( ഒരടി) ഉയർത്തി. ഡാമിലേയ്ക്ക് കനത്ത ജലപ്രവാഹമാണുള്ളത്. ഇന്നലെ രാത്രിവരെ ഷട്ടറുകൾ 10 ഇഞ്ചായി ഉയർത്തിയിരുന്നു. എന്നാൽ ജലനിരപ്പ് വീണ്ടും കൂടി. തുടർന്നാണ് 12 ഇഞ്ചായി ഉയർത്തിയത്. ഇതോടെ ആറ്റിലേയ്ക്ക് കുത്തൊഴുക്കാണ്.
നെയ്യാറിന്റെ വിവിധയിടങ്ങൾ വെള്ളത്തിനടിയിലായി. നദിക്ക് ഇരുവശത്തുമുള്ള പുരയിടങ്ങൾ വെള്ളത്തിനടിയിലാണ്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി .മണിക്കൂറുകൾ നീണ്ട കനത്ത മഴയെ തുടർന്ന് വെള്ളം നിറഞ്ഞതിനെ തുടർന്നാണ് നെയ്യാർ അണക്കെട്ട് ഇന്നലെ വൈകുന്നേരം നാലോടെ തുറന്നത്.അതിനിടെ നെയ്യാറിൽ ചീങ്കണ്ണി ഭീതിയും വർധിച്ചു.
കനത്ത ജലപ്രവാഹം കാരണം പരമാവധി ജലനിരപ്പിനും മുകളിൽ എത്തിയതോടെയാണ് അണക്കെട്ട് തുറക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി തുടങ്ങിയ മഴയ്ക്ക് ഇതേവരെ വരെ ശമനം വന്നിട്ടില്ല. അതിനാൽ തന്നെ നല്ല വെള്ളപാച്ചിലാണ് ഇവിടേയ്ക്ക് ഉള്ളത്. ജലനിരപ്പ് വീണ്ടും ഉയർന്നുകൊണ്ടിരിക്കുന്നതിനാൽ ഷട്ടറുകൾ അധികമായി ഉയർത്തേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു.
കൂടുതൽ വെള്ളം എത്തിയാൽ ഡാമിന്റെ കനാലുകൾ വഴിയും വെള്ളം തുറന്നുവിടും. ഒരു മണിക്കൂറിൽ 26 സെന്റിമീറ്റർ വീതം വെള്ളം പൊങ്ങികൊണ്ടിരിക്കുകയാണ്.മുൻപ് സമയത്തിന് ഷട്ടറുകൾ തുറക്കാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ ഇക്കുറി അധികൃതർ ജാഗരൂകരായാണ് നിന്നത്. കലക്ടറുടെ നിർദേശം കിട്ടിയതോടെ ഡാം തുറക്കുകയായിരുന്നു. ഡാമിൽ 84. 600മീറ്റർ ജലമാണ് ഇപ്പോഴുള്ളത്.
പരമാവധി നിരപ്പ് 84.750 മീറ്റർ ആണ്. ജലനിരപ്പ് 84.500 കഴിഞ്ഞതോടെ വെള്ളം ഏതാണ്ട് നിറകവിയുമെന്ന ഘട്ടത്തിലായി. തുടർന്നാണ് ഡാമിന്റെ നാല് ഷട്ടറുകളും തൽക്കാലം ഒരിഞ്ച് തുറന്നത്. എന്നാൽ അണക്കെട്ടിൽ വീണ്ടും ജലം നിറഞ്ഞു. പിന്നീട് ഷട്ടറുകൾ അഞ്ചാക്കി ഉയർത്തി. അരമണിക്കൂറിനുശേഷം ഷട്ടറുകൾ 7 ഇഞ്ച് വീതം ഉയർത്തി.
ഡാമിലേയ്ക്ക് നീരൊഴുക്കുന്ന നെയ്യാർ, കല്ലാർ, മുല്ലയാർ തുടങ്ങിയ വലിയ നദികളും മണിയങ്കത്തോട്, കാരക്കുടി, അഞ്ചുനാഴിത്തോട്, കാരയാർ തുടങ്ങിയ 20ഓളം ചെറു നദികളിലും കനത്ത വെള്ളമാണ് ഉള്ളത്. വനത്തിൽ നല്ല മഴ ചെയ്തതിനെ തുടർന്നാണ് നല്ല നീരൊഴുക്കുള്ളത് ആറിന്റെ ഇരു കരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധിക്യതർ അറിയിച്ചു. അണക്കെട്ട് നിറഞ്ഞതോടെ ക്യാച്ച്മെന്റ് ഏരിയായിൽ വെള്ളം കയറി.
ഇവിടെ താമസിക്കുന്നവരുടെ വീടുകളിൽ അടുക്കള വരെ വെള്ളം കയറി. പലരും താമസവും മാറ്റിയിട്ടുണ്ട്. ഇവിടുത്തെ ക്യഷിയിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. വനത്തിൽ കനത്ത മഴ പെയ്യുന്നതിനാൽ ആദിവാസികളും ദുരിതത്തിലാണ്. ഇവർക്ക് പുറത്തിറങ്ങാൻ പോലും കഴിയുന്നില്ല. അഗസ്ത്യമലനിരകളിൽ കനത്ത മഴ വൻ നാശനഷ്ടമുണ്ടാക്കി. പുറം നാടുമായി ബന്ധപ്പെടേണ്ട പാലം ഒലിച്ചുപോയി. വനത്തിലെ കാണിക്കാർ ഒറ്റപ്പെട്ട നിലയിലുമായി.