കൊച്ചി: കോവിഡ് പ്രതിസന്ധിക്കിടയിലും നന്മയുടെ ഊണ് വിളമ്പി കലൂരിലെ നാസറിന്റെ ഹോട്ടല്‍. സുഹൃത്തായ സുഹൈലിന്റെ സഹായത്തോടെ ദിവസേന പത്ത് പേര്‍ക്കു സൗജന്യ ഊണു നല്‍കുകയാണ് നാസര്‍.
കഴിഞ്ഞ ഒരുമാസത്തോളമായി ആരംഭിച്ച ഈ സംരംഭത്തിന് പിന്തുണ അറിയിച്ചും ഇത്തരത്തില്‍ ഭക്ഷണം നല്‍കുന്നതിന് സന്നദ്ധത അറിയിച്ചും നിരവധി പേര് രംഗത്ത് വന്നിട്ടുണ്ടെന്ന് നാസര്‍ പറയുന്നു.
കലൂര്‍ അശോക റോഡില്‍ ഗ്രീറ്റ്സ് പബ്ലിക് സ്കൂളിന് സമീപത്താണ് വര്‍ഷങ്ങള്‍ പഴക്കമുള്ള നാസറിന്റെ കട. കോവിഡ് പ്രതിസന്ധി സര്‍വമേഖലയെയും സാമ്പത്തികമായി ബന്ധിച്ചതിന്റെ പശ്ചാത്തലത്തില്‍ ഒരുനേരത്തെ ആഹാരം സൗജന്യമായി പത്തു പേര്‍ക്കു നല്കുന്നതിനു സാമ്പത്തികമായ നാസറിനെ സഹായിച്ചത് സുഹൃത്തായ സുഹൈലാണ്.
സഹായ മനസ്കരുടെയും മറ്റു ആളുകളില്‍നിന്നും എത്തുന്ന പണം സുഹൈല്‍ നാസറിനെ ഏല്‍പ്പിക്കും. പ്രതിദിനം പത്തു പേര്‍ക്ക് ഈ പണം ഉപയോഗിച്ച് ഉച്ചയൂണ് നല്കുകയാണു പതിവ്.
ഭക്ഷണം പാകം ചെയ്യുന്നതും വിളമ്പുന്നതുമൊക്കെ നാസറും കുടുംബാംഗങ്ങളും ചേര്‍ന്ന്. ജേഷ്ഠന് ഷംസുദീന്റെ പിന്തുണയും നാസറിന് ലഭിക്കുന്നുണ്ട്. ബുദ്ധിമുട്ടനുഭവിക്കുന്നവരെ കണ്ടെത്തി ഇതു വിതരണം നടത്തുന്നതും നാസര്‍ തന്നെയാണ്.
രാവിലെ 11 മുതല്‍ 1.30 വരെയാണ് സമയം ഏര്‍പ്പെടുത്തിയിട്ടുള്ളതെങ്കിലും പിന്നീട് വരുന്നവര്‍ക്കും ഈ സേവനം നല്‍കുന്നുണ്ട്. കിടപ്പ് രോഗികളായ രണ്ടു പേര്‍ക്കൊഴികെ കടയിലെത്തുന്ന മറ്റ് ആളുകള്‍ക്കാണു സൗജന്യമായി ഭക്ഷണം നല്കി വരുന്നത്.
സുഹൈലിന് പിന്നാലെ നിരവധി പേര് ഇത്തരത്തില്‍ ഭക്ഷണം നല്കുന്നതിനു സാമ്പത്തിക സഹായം വാഗ്ദാനം നല്കി വന്നിട്ടുള്ളതായി നാസര്‍ പറയുന്നു.
ഏതായാലും ദുരിതമനുഭവര്ക്കുന്നവര്ക്കു മറ്റുള്ളവരുടെ സഹായത്തോടെ ഇത്തരത്തില്‍ ഭക്ഷണം വിളമ്പാന്‍ തന്നെയാണു തുടര്‍ന്നും നാസറിന്റെ തീരുമാനം.