അഞ്ചൽ : ചടയമംഗലത്ത് ബാറില്‍ പുനലൂര്‍ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. കഴിഞ്ഞ ദിവസമാണ് ചടയമംഗലത്ത് ബാറിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ പുനലൂര്‍ വിളക്കുവട്ടം പണയ്ക്കല്‍ വീട്ടില്‍ നാസറുദ്ദീനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
19ന് വൈകുന്നേരമാണ് സംഭവം. സുഹൃത്തുമായി ബാറിനുള്ളിലെക്ക് പോയ നാസറുദ്ദീന്‍ അല്‍പ്പം കഴിഞ്ഞപ്പോള്‍ പുറത്തേക്ക് വന്നു. ഏറെ നേരം കഴിഞ്ഞിട്ടും കണതായത്തോടെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് അന്വേഷണം നടത്തിയപ്പോഴാണ് പാര്‍ക്കിംഗ് ഭാഗത്ത് ബോധരഹിതനായി കിടക്കുന്ന നാസറുദ്ദീനെ കണ്ടത്. ഉടന്‍ തന്നെ അഞ്ചലിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.
എന്നാല്‍ മരണത്തില്‍ ദുരൂഹത ഉണ്ടെന്നാണ് സഹോദരന് അടക്കമുള്ള ബന്ധുക്കളുടെ ആരോപണം. നാസറുദ്ദീന്റെ തലയില്‍ ആഴത്തിലുള്ള മുറിവ് ഉണ്ടെന്നും ഈ മുറിവ് എങ്ങനെ ഉണ്ടായി എന്നതടക്കം അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
ബാറിനുള്ളില്‍ ജീവനക്കാരനുമായി വാക്ക് തര്‍ക്കം ഉണ്ടായതായും പറയുന്നുണ്ടെന്നും ഇക്കാര്യത്തില്‍ അടക്കം സമഗ്രമായ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. അതേസമയം അന്വേഷണം ആരംഭിച്ചതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാര്യം വ്യക്തമാകൂവെന്നും ചടയമംഗലം പോലീസ് അറിയിച്ചു.