ഒറ്റപ്പാലം: വ്യാപാരി വ്യവസായി ഏകോപനസമിതി പാലക്കാട് ജില്ലാകമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന് മർദനമേറ്റ സംഭവത്തിൽ വ്യക്തമാകുന്നത് വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ഘടകത്തിലെ ശക്തമായ വിഭാഗീയത. ഇന്നലെയാണ് ഒറ്റപ്പാലത്തുവച്ച് നസിറുദ്ദീനും സംസ്ഥാന സെക്രട്ടറി കെ. സേതുമാധവനും മർദനമേറ്റത്. ഇതുസംബന്ധിച്ച് വധശ്രമത്തിനു കേസെടുത്ത പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു.
നസിറുദ്ദീനും സഹപ്രവർത്തകരും സഞ്ചരിച്ചിരുന്ന മൂന്നു വാഹനങ്ങൾ അടിച്ചുതകർത്തു. പോലീസ് ലാത്തിവീശിയാണ് അക്രമം നേരിട്ടത്. ഇന്നലെ രാവിലെ വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ആക്രമണത്തിൽ കലാശിച്ചത്. നിലവിൽ ബാബു കോട്ടയിൽ പ്രസിഡന്റായ കമ്മിറ്റി പിരിച്ചുവിട്ടതായി കഴിഞ്ഞദിവസം സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നു.
ഇതിനെതിരെ ബാബു കോട്ടയിൽ കോടതിയെ സമീപിക്കുകയും സംസ്ഥാന പ്രസിഡന്റിന്റെ നടപടി കോടതി മരവിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത് വകവയ്ക്കാതെ പാലക്കാട് പ്രവർത്തകസമ്മേളനം നടത്താനുള്ള തീരുമാനവുമായി ഒരു വിഭാഗം വ്യാപാരികൾ മുന്നോട്ടുപോവുകയായിരുന്നു. സംഘർഷസാധ്യതയും അക്രമ സാധ്യതയും കണക്കിലെടുത്ത് കണ്വൻഷൻ നടക്കുന്ന ഓഡിറ്റോറിയത്തിന്റെ പരിസരപ്രദേശങ്ങളിൽ പോലീസ് 144 പ്രഖ്യാപിച്ചു.
ഇക്കാര്യം മനസിലാക്കിയ ടി.നസിറുദീനെ അനുകൂലിക്കുന്ന വ്യാപാരികൾ കണ്വൻഷൻ ഒറ്റപ്പാലത്തേക്ക് മാറ്റിയതായി പ്രഖ്യാപിച്ചു. ഇതോടുകൂടി സംസ്ഥാന പ്രസിഡന്റ് കോഴിക്കോടുനിന്ന് ഒറ്റപ്പാലത്തേക്ക് വാഹനത്തിൽ വരികയും വരോട് വീട്ടാന്പാറ ഒരുസംഘം ആളുകൾ നസിറുദ്ദീൻ സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരെയും മറ്റു രണ്ടു വാഹനങ്ങൾക്ക് നേരെയും ആക്രമണം അഴിച്ചുവിടുകയും ചെയ്തു.
ടി. നസിറുദ്ദീന്റെ കൂടെയുണ്ടായിരുന്നവർക്കും മർദനമേറ്റു. നസിറുദ്ദീൻ സഞ്ചരിച്ചിരുന്നതടക്കമുള്ള രണ്ടു ഇന്നോവ ക്രിസ്റ്റയും ഒരു ഫോർച്യൂണറും ആണ് അക്രമികൾ അടിച്ചുതകർത്തത്. വാഹനങ്ങളുടെ ചില്ലുകൾ പൂർണമായും തകർന്നു. നസിറുദ്ദീനും ഒപ്പമുണ്ടായിരുന്നവർക്കും മുഖത്തും തലയ്ക്കും മർദനമേറ്റു. ആക്രമണവിവരം അറിഞ്ഞു സംഭവസ്ഥലത്ത് പാഞ്ഞെത്തിയ പോലീസാണ് ഇവരെ രക്ഷിച്ചത്.
സംഭവസ്ഥലത്തുനിന്ന് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട നസിറുദ്ദീനും ഒപ്പമുണ്ടായിരുന്നവരും ഇവിടെനിന്നും പ്രാഥമിക ചികിത്സ നേടിയശേഷം ഒറ്റപ്പാലം വ്യാപാരഭവന്റെ മുന്നിലെത്തുകയും ഇവിടെ പുതിയ ജില്ലാ കമ്മിറ്റി പ്രഖ്യാപിക്കുകയും ചെയ്തു. ഇവിടേയ്ക്ക് പാഞ്ഞെത്തിയ ഒരു വിഭാഗം വ്യാപാരികളെ തുരത്താൻ പോലീസ് ലാത്തിവീശി. മണിക്കൂറുകളോളം ഒറ്റപ്പാലം ചെർപ്പുളശേരി റോഡും പരിസരവും സംഘർഷത്തിന്റെ മുൾമുനയിലായിരുന്നു.
കനത്ത പോലീസ് സന്നാഹം നിലയുറപ്പിച്ചതോടു കൂടിയാണ് സംഘർഷം അവസാനിപ്പിക്കാനും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനും കഴിഞ്ഞത്. യാതൊരു പ്രകോപനവുമില്ലാതെ തന്നെയും കൂടെ വന്നിരുന്നവരെയും ആക്രമിക്കുകയും വാഹനങ്ങൾ അടിച്ചു തകർക്കുകയുമാണ് അക്രമികൾ ചെയ്തതെന്ന് ടി.നസറുദ്ദീൻ ആരോപിച്ചു. ഇത്തരക്കാർക്ക് സംഘടനയിൽ സ്ഥാനമുണ്ടാകില്ലന്നും അദ്ദേഹം പറഞ്ഞു.
മാസങ്ങളായി വ്യാപാരി വ്യവസായി ജില്ലാ ഘടകത്തിനുള്ളിൽ നിലനിന്നിരുന്ന പടലപ്പിണക്കങ്ങളാണ് അവസാനം പൊട്ടിത്തെറിയിലേക്ക് എത്തിച്ചേർന്നത്. അട്ടപ്പാടി യൂണിറ്റ് പ്രസിഡന്റായ വി.എം.ലത്തീഫിനെയാണ് പുതിയ ജില്ലാ പ്രസിഡന്റായി ടി.നസിറുദ്ദീൻ പ്രഖ്യാപിച്ചിരിക്കുന്നത്.