കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി. നസീറുദ്ദീന്റെ കട തുറന്നത് പോലീസ് മിനിട്ടുകൾക്കകം അടപ്പിച്ചു. കോഴിക്കോട് മിഠായിത്തെരുവിലെ ബ്യൂട്ടി സ്റ്റോഴ്സ് വസ്ത്രവ്യാപാര കേന്ദ്രമാണ് ഇന്നു രാവിലെ 9.45 നോടെ തുറന്നത്.
നസിറുദ്ദീനും നാലു തൊഴിലാളികളും കടയിൽ കയറിയ ഉടനെ ടൗൺ ഇൻസ്പെക്ടർ എ.ഉമേഷിന്റെ നേതൃത്വത്തിൽ പോലീസെത്തി അടപ്പിക്കുകയായിരുന്നു. ലോക്ഡൗൺ ലംഘിച്ചതിന് നസിറുദ്ദീനടക്കം അഞ്ചുപേർക്കെതിരെ പോലീസ് കേസെടുത്തു.
കട അടച്ചശേഷം പുറത്തിറങ്ങിയ നസിറുദ്ദീൻ അവിടെ നിലയുറപ്പിച്ചിരിക്കയാണ്. ജില്ലാ കളക്ടർ പരിഹാരമുണ്ടാക്കിയശേഷമെ പിന്തിരിയൂ എന്ന നിലപാടിലാണ് അദ്ദേഹം.
ഓറഞ്ച് സോണിൽപെട്ട കോഴിക്കോട്ട് മിക്ക വ്യാപാര സ്ഥാപനങ്ങൾക്കും അധികൃതർ ഇളവനുവദിച്ചെങ്കിലും മിഠായിത്തെരുവടക്കം ചിലയിടങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കയാണ്.