പെരുമ്പാവൂർ: നടൻ മോഹൻലാലിനേയും ആന്റണി പെരുമ്പാവൂരിനേയും സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയ കേസിൽ പിടികൂടിയ യുവാവ് മാനസികരോഗിയെന്ന് പോലീസ്. വിദഗ്ധ ചികിത്സക്കായി പ്രതിയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി.
ആന്റണി പെരുമ്പാവൂർ നൽകിയ പരാതിയെ തുടർന്നാണ് കുന്നംകുളം പെരുമ്പിലാവിലുള്ള വീട്ടിൽനിന്നു കോയകുന്നേടത്ത് പടിഞ്ഞാറേഒറ്റിയിൽ അഷ്റഫിന്റെ മകൻ നഫീസി (22) നെ അറസ്റ്റ് ചെയ്തത്. മോഹൻലാലും ആന്റണി പെരുമ്പാവൂരും ഇതര സംസ്ഥാനക്കാർക്കു വേണ്ടി പെൺവാണിഭം നടത്തുന്നുവെന്നും മറ്റുമാണ് ഫേസ് ബുക്കിൽ കൂടി നഫീസ് പ്രചരിപ്പിച്ചത്. താൻ പറയുന്നതു നുണയാണെങ്കിൽ 500 രൂപയുടെ മുദ്രപത്രത്തിൽ തന്റെ സ്വത്ത് എഴുതി നൽകാമെന്നും ഇയാൾ പറഞ്ഞിരുന്നു. അഞ്ചു കോടിയുടെ തന്റെ സ്വത്തിന്റെ ചെക്കും ഇയാൾ പ്രദർശിപ്പിച്ചു.
യുവാവിന് മാനസിക വിഭ്രാന്തിയുണ്ടെന്ന സർട്ടിഫിക്കറ്റ് നഫീസിന്റെ മാതാവ് പോലീസിന് കൈമാറിയിട്ടുണ്ട്. പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണ് യുവാവ് പോലീസിൽ പറഞ്ഞത്. ചെക്കും മുദ്ര പേപ്പറും കണ്ടെടുത്തുവെങ്കിലും വെറും 4000 രൂപയോളമാണ് ഇയാളുടെ പക്കലുള്ളതെന്ന് പോലീസ് പറഞ്ഞു.